പാക്കിസ്ഥാനെ ബഹിഷ്കരിച്ച് ഇന്ത്യന്‍ ലെജന്‍ഡ്സ്
Monday, July 21, 2025 2:21 AM IST
ബിര്‍മിംഗ്ഹാം: ഇന്ത്യ x പാക്കിസ്ഥാന് വെറ്ററന്‍സ് ട്വന്റി-20 ക്രിക്കറ്റ് പോരാട്ടം റദ്ദാക്കി. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജൻഡ്സ് (ഡബ്ല്യുസിഎല്‍) ടൂര്‍ണമെന്റില്‍ ഇന്നലെ ബിര്‍മിംഗ്ഹാമില്‍ നടക്കേണ്ടിയിരുന്ന പോരാട്ടമാണ് ഇന്ത്യന്‍ താരങ്ങളുടെ ബഹിഷ്കരണത്തെത്തുടര്‍ന്ന് റദ്ദാക്കിയത്.
ഏപ്രിലില്‍ നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശിഖര്‍ ധവാന്, ഹര്ഭജന് സിംഗ്, ഇര്ഫാന് പഠാന്, യൂസഫ് പഠാന് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വെറ്ററന്‍ ടീം അംഗങ്ങള്‍ പാക്കിസ്ഥാനെതിരേ കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
യുവരാജ് സിംഗാണ് ഇന്ത്യന്‍ ലെജൻഡ്സ് ക്യാപ്റ്റന്‍. സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, റോബിന് ഉത്തപ്പ,തുടങ്ങിയവരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.
തുറന്നു പറഞ്ഞ് ധവാന്
ഡബ്ല്യുസിഎല്‍ ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെതിരേ ഒരു മത്സരത്തില്‍പോലും കളിക്കില്ലെന്ന് ശിഖര്‍ ധവാന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
അതേസമയം, ഇന്ത്യ x പാക്കിസ്ഥാന് വോളിബോള്‍ നടക്കുകയും പാക് ഹോക്കി ടീം ഇന്ത്യയില്‍ പര്യടനം നടത്താന്‍ ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലം കണക്കിലെടുത്ത് ഏവര്‍ക്കും സന്തോഷ മുഹൂര്‍ത്തങ്ങള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇരുടീമും തമ്മിലുള്ള ലെജൻഡ്സ് ക്രിക്കറ്റ് പോരാട്ടം ഷെഡ്യൂള്‍ ചെയ്തതെന്ന് ഡബ്ല്യുസിഎല്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍, ആളുകളുടെ വികാരം വ്രണപ്പെട്ടതില്‍ ക്ഷമ ചോദിക്കുന്നു എന്നും മത്സരം റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പില്‍ ഡബ്ല്യുസിഎല്‍ വ്യക്തമാക്കി.