ആകാശ് ദീപിനും അര്‍ഷദീപ് സിംഗിനും പരിക്ക്
Monday, July 21, 2025 2:21 AM IST
മാഞ്ചസ്റ്റര്‍: ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ടീം ഇന്ത്യക്ക് ഇരട്ടപ്രഹരം.
അഞ്ച് മത്സര പരമ്പരയിലെ നാലാം പോരാട്ടം 23നു മാഞ്ചസ്റ്ററില്‍ നടക്കാനിരിക്കേ ഇന്ത്യയുടെ രണ്ട് പേസര്‍മാര്‍ പരിക്കിനെത്തുടര്‍ന്ന് കളിച്ചേക്കില്ലെന്ന് ആശങ്ക. പേസര്‍മാരായ ആകാശ് ദീപ്, അര്‍ഷദീപ് സിംഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും നാലാം ടെസ്റ്റില്‍ ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
പരിശീലനത്തിനിടെയാണ് അര്‍ഷദീപ് സിംഗിന്റെ കൈക്കു പരിക്കേറ്റത്. ആകാശ് ദീപിന്റെ ഞരമ്പിനേറ്റ ക്ഷതമാണ് വിനയായിരിക്കുന്നതെന്നാണ് സൂചന. ബിര്‍മിംഗ്ഹാമിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയം സ്വന്തമാക്കിയതില്‍ ആകാശ് ദീപിന്റെ ബൗളിംഗ് നിര്‍ണായകമായിരുന്നു.
അര്‍ഷദീപ് സിംഗ് ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയിട്ടില്ല. എന്നാല്‍, ഇന്ത്യന്‍ ടീമിനൊപ്പം ആകാശും അര്‍ഷദീപും ലണ്ടനില്‍നിന്ന് മാഞ്ചസ്റ്ററില്‍ എത്തിയിട്ടുണ്ട്. മുഹമ്മദ് സിറാജ് മാത്രമാണ് കഴിഞ്ഞ മൂന്നു ടെസ്റ്റിലും കളിച്ച ഏക ഇന്ത്യന്‍ പേസര്‍. ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലെ മറ്റ് ഫാസ്റ്റ് ബൗളര്‍മാര്‍. ശേഷിക്കുന്ന പരമ്പരയില്‍ രണ്ടു ടെസ്റ്റില്‍ ഒരെണ്ണത്തില്‍ മാത്രമേ ബുംറ കളിക്കുകയുള്ളൂ.
അന്‍ഷുല്‍ കാംബോജ് ടീമിൽ
പേസര്മാര്ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് ഇന്ത്യ ടീമിലേക്ക് അന്‍ഷുല്‍ കാംബോജിനെ ഉള്‍പ്പെടുത്തി. ഇന്ത്യ എയ്ക്കൊപ്പം ഇംഗ്ലണ്ട് പര്യടനം നടത്തിയ സംഘത്തില്‍ അന്‍ഷുല്‍ ഉണ്ടായിരുന്നു.
24കാരനായ അന്‍ഷുല്‍ ഇന്ത്യ എയ്ക്കുവേണ്ടി രണ്ടാം മത്സരത്തില്‍ നാലു വിക്കറ്റ് സ്വന്തമാക്കി.രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ 51 റണ്‍സും നേടിയിരുന്നു. 24 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 486 റണ്‍സും 79 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യക്കു പരമ്പര നഷ്ടമാകും. അതുകൊണ്ടുതന്നെ ജീവന്മരണ പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ് ടീം ഇന്ത്യ.