ചരിത്രം...ഫിഡെ വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ഫൈനല്‍ കൊനേരു ഹംപി ദിവ്യ ദേശ്മുഖിനെ ഫൈനലിൽ നേരിടും
Friday, July 25, 2025 3:21 AM IST
ബറ്റുമി (ജോര്‍ജിയ): ചരിത്രം കുറിച്ച് 2025 ഫിഡെ വനിതാ ലോകകപ്പ് ചെസില്‍ ഇന്ത്യന്‍ ഫൈനല്‍. ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടും.
ചൈനയുടെ ലോക നാലാം നമ്പര്‍ താരമായ ടാന്‍ സോങ് യിയെ സെമിയില്‍ അട്ടിമറിച്ച് 19കാരിയായ ദിവ്യ ദേശ്മുഖ്, ഡിഫെ ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരിയായിരുന്നു. 1.5-0.5 എന്ന വ്യത്യാസത്തിലായിരുന്നു ദിവ്യ ദേശ്മുഖ് ചൈനീസ് താരത്തെ അട്ടിമറിച്ചത്. എന്നാല്‍, ചൈനയുടെ ലീ ടിംഗ്ജിയെ ഇന്നലെ നടന്ന ടൈബ്രേക്കറില്‍ കീഴടക്കിയാണ് കൊനേരു ഹംപി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്.
26, 27 തീയതികളിലാണ് ഫൈനല്‍. ടൈബ്രേക്കര്‍ ആവശ്യമെങ്കില്‍ 28നു നടക്കും. ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചതോടെ ദിവ്യയും ഹംപിയും 2026 ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിനും യോഗ്യത സ്വന്തമാക്കി.
ജിഎം ദിവ്യ ലോഡിംഗ്
ചെസ് ബോര്‍ഡിലെ പ്രതിഭയ്ക്കുള്ള ഏറ്റവും പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ്മാസ്റ്റര്‍ (ജിഎം) പദവിക്കരികേയാണ് ഇന്ത്യയുടെ കൗമാര വിസ്മയം ദിവ്യ ദേശ്മുഖ്. കൊനേരു ഹംപി (2002), ഹരിക ദ്രോണവല്ലി (2011), ് ആര്. വൈശാലി (2023) എന്നിവര്‍ മാത്രമാണ് ഇന്ത്യയില്‍നിന്ന് ഇതുവരെ ജിഎം പദവിയില്‍ എത്തിയ വനിതകൾ. 2025 ഫിഡെ ചെസ് വനിതാ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചതോടെയാണ് ജിഎം പദവിയിലേക്ക് ദിവ്യ അടുത്തത്. 2025 ലോകകപ്പ് ഫൈനലിസ്റ്റായ 38കാരി കൊനേരു ഹംപി 15-ാം വയസില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയില്‍ എത്തിയതിനും മൂന്നു വര്‍ഷത്തിനുശേഷമായിരുന്നു ദിവ്യയുടെ ജനനം.