പ്രണോയ് രണ്ടാം റൗണ്ടിൽ
Wednesday, July 23, 2025 1:14 AM IST
ചാങ്ഷോ: ചൈന ഓപ്പണ്‍ സൂപ്പർ 1000 ബാഡ്മിന്റണ്‍ ടൂർണമെന്റ് പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ കടന്ന് ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്. പ്രണോയ്.
ആദ്യ ഗെയിം നഷ്ടമായി പിന്നിൽനിന്ന പ്രണോയ്, അഞ്ച് ഗെയിം പോയിന്റ് രക്ഷിച്ചാണ് ജയം നേടിയത്. ജപ്പാന്റെ 18-ാം റാങ്കുകാരൻ കോക്കി വടനാബെയെ 21-8, 16-21, 21-23ന് പ്രണോയ് പരാജയപ്പെടുത്തി.
മറ്റൊരു പുരുഷ സിംഗിൾസ് മത്സരത്തിൽ പ്രണോയിക്ക് സമാനമായി പിന്നിൽനിന്ന് തിരിച്ചടിച്ച് എൻ. നുയെൻ ജയം നേടി. ആർ. ജെംകെയെ 20-22, 21-16, 21-11 സ്കോറിനാണ് പരാജയപ്പെടുത്തിയത്. മറ്റ് മത്സരങ്ങളിൽ ഇന്ത്യക്കു നിരാശ. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷം ലക്ഷ്യ സെൻ മത്സരം കൈവിട്ടു. ചൈനയുടെ അഞ്ചാം സീഡ് ലി ഷി ഫെംഗിനോട് 21-14, 22-24, 11-21 സ്കോറിന് തോൽവി ഏറ്റുവാങ്ങി.
വനിതാ സിംഗിൾസിൽ അനുപമ ഉപാധ്യായ ചൈനീസ് തായ്പേയിയുടെ ലിൻ സിയാങ് ടിയോട് 23-21, 11-21, 10-21ന് പരാജയപ്പെട്ടു.