മഗ്രാത്തിനെ ഹൃദയത്തിലേറ്റിയ അന്‍ഷുല്‍ കാംബോജ്...
Thursday, July 24, 2025 12:51 AM IST
പഞ്ചസാര മില്ലുകള്‍ക്കു പേരുകേട്ട ഹരിയാനയിലെ ഇന്ദ്രി. 2023ല്‍ ഇന്ദ്രി മറ്റൊരു കാര്യത്തിനു ലോക ശ്രദ്ധയാകര്‍ഷിച്ചു; ഇന്ദ്രി എന്ന പേരിലുള്ള വിസ്കി ലോകത്തിലെ ഏറ്റവും മികച്ച സിംഗിള്‍ മാള്‍ട്ട് ഗണത്തില്‍ ഒന്നാം സ്ഥാനത്ത്. വര്‍ഷങ്ങള്‍ക്കുശേഷം ഇന്ദ്രി മറ്റൊരു കാര്യത്തില്‍ ശ്രദ്ധിക്കപ്പെട്ടു; ഇന്ത്യയുടെ 24കാരനായ പേസ് ഓള്‍റൗണ്ടര്‍ അന്‍ഷുല്‍ കാംബോജിന്റെ ജന്മനാട്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തുന്ന 318മനാണ് അന്‍ഷുല്‍. ഇംഗ്ലണ്ടിന് എതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിലാണ് ഈ ഹരിയാനക്കാരന് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയത്. ഇന്ത്യന്‍ ടെസ്റ്റ് ക്യാപ് നല്‍കിയത് ദീപ് ദാസ്ഗുപ്തയും.
എന്‍സിഎയില്‍ മഗ്രാത്തിനൊപ്പം
ഓസ്ട്രേലിയന്‍ ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്തിന്റെ കടുത്ത ആരാധകരനാണ് അന്‍ഷുല്‍. മഗ്രാത്തിന്റെ ബൗളിംഗ് വീഡിയോകള്‍ കണ്ട്, അതുപോലെ പന്ത് എറിയാന്‍ ശ്രമിച്ചിരുന്ന കാലം. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) എത്തിയപ്പോള്‍ മഗ്രാത്തിന്റെ ഉപദേശങ്ങള്‍ നേരിട്ടു ലഭിച്ചത് അന്ഷുലിന്റെ ബൗളിംഗ് മെച്ചപ്പെടുത്തി. റണ്ണപ്പ് മുതല്‍ ലാന്‍ഡിംഗ് വരെയും, പേസും സ്വിംഗും, ലൈനും ലെംഗ്തും നിലനിര്‍ത്തുന്നതുമെല്ലാം മഗ്രാത്തിന്റെ നിര്‍ദേശത്താല്‍ വന്മാറ്റംവന്നു. ഇക്കാര്യം അന്ഷുലിന്റെ ആദ്യകാല പരിശീലകനായ സതീഷ് റാണയാണ് വെളിപ്പെടുത്തിയത്.
ഭാരം കുറയ്ക്കാന്‍ ക്രിക്കറ്റിലേക്ക്
കുട്ടിക്കാലത്ത് അമിതഭാരമുണ്ടായിരുന്ന അന്ഷുലിനെ, ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അച്ഛന് ഉധം സിംഗ് ക്രിക്കറ്റ് കോച്ചിംഗിനു ചേര്‍ത്തത്. അതുവരെ ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചിരുന്ന അന്‍ഷുല്‍ അങ്ങനെ സതീഷ് റാണ അക്കാദമിയിലെത്തി. ഇന്ദ്രിയില്നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള കര്‍ണാലിലായിരുന്നു ക്രിക്കറ്റ് അക്കാദമി.
11-12 വയസുള്ള അന്ഷുലിനെ ഉധം സിംഗായിരുന്നു ആദ്യമൊക്കെ എത്തിച്ചത്. കുട്ടിക്കാലത്തെ അമിതഭാരം കുറയ്ക്കാന്‍ ജിംനേഷ്യത്തിലെത്തിയ മറ്റൊരു ഹരിയാനക്കാരനായ നീരജ് ചോപ്രയുടേതുപോലൊരു കഥയാണ് അന്ഷുലിന്റേതുമെന്നതാണ് ശ്രദ്ധേയം.
രഞ്ജിയില്‍ 10 വിക്കറ്റ്
കണ്ണടച്ചുതുറക്കും വേഗത്തിലാണ് അന്‍ഷുല്‍ കാംബോജ് ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. പരിക്കേറ്റ ആകാശ് ദീപും അര്‍ഷദീപ് സിംഗും നിതീഷ് കുമാര്‍ റെഡ്ഡിയുമെല്ലാം വഴിമാറിയപ്പോള്‍ അന്ഷുലിനു വിളിയെത്തി.
ടീമിനൊപ്പം പരിശീലനം നടത്തി, പ്ലേയിംഗ് ഇലവനിലും ഉള്‍പ്പെട്ടു. ഇന്ത്യ എയ്ക്കൊപ്പം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ അന്‍ഷുല്‍ നോര്‍ത്താംപ്ടണില്‍ കളിച്ച അവസാന മത്സരത്തില്‍ നാലു വിക്കറ്റ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 51 നോട്ടൗട്ടും.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ കേരളത്തിനെതിരായ മത്സരത്തില്‍ അന്‍ഷുല്‍ 10 വിക്കറ്റ് (10/49) വീഴ്ത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ഒരു ഇന്നിംഗ്സില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന ആറാമത് ഇന്ത്യക്കാരന് എന്ന നേട്ടം കുറിച്ചു. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിക്കുവേണ്ടി ഒരു ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് വീഴ്ത്തി. മൂന്നു മത്സരങ്ങളില്‍നിന്ന് 16 വിക്കറ്റ് നേടി പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റുമായി.
2025 സീസണ് മുതല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ കളിക്കാരനാണ്. എം.എസ്. ധോണിയുടെ മാര്‍ഗദര്‍ശനവും അന്ഷുലിനു സ്വന്തമെന്നു ചുരുക്കം.