യൂണിവേഴ്സിറ്റി ഗെയിംസ്: ഇന്ത്യക്ക് 12 മെഡല്‍
Monday, July 28, 2025 1:22 AM IST
ബെര്‍ലിന്‍: 32-ാമത് ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ ഇന്ത്യക്ക് രണ്ടു സ്വര്‍ണം അടക്കം 12 മെഡല്‍. അമ്പെയ്ത്ത്, അത്ലറ്റിക്സ് വിഭാഗങ്ങളില്‍നിന്ന് അഞ്ച് മെഡല്‍ വീതം ലഭിച്ചു.
അമ്പെയ്ത്ത് പുരുഷ വ്യക്തിഗത ഇനത്തില്‍ സഹില്‍ രാജേഷ് യാദവ്, ടീം കോമ്പൗണ്ടില്‍ പര്‍നീത് കൗര്‍, കുശാല്‍ ദലാല്‍ എന്നിവരാണ് സ്വര്‍ണം സ്വന്തമാക്കിയത്. വനിതാ വ്യക്തിഗത കോമ്പൗണ്ടിലെ വെള്ളിയും വനിതാ ടീം കോമ്പൗണ്ടിലെ വെങ്കലവുമായി പര്‍നീത് കൗര്‍ മൂന്നു മെഡല്‍ കരസ്ഥമാക്കി. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അന്‍കിത ധ്യാനി, 5000 മീറ്റര്‍ ഓട്ടത്തില്‍ സീമ, പുരുഷ വിഭാഗം ട്രിപ്പിള്‍ജംപില്‍ പ്രവീണ്‍ ചിത്രവേല്‍ എന്നിവര്‍ വെള്ളി സ്വന്തമാക്കി. പുരുഷ 4x100 മീറ്റര്‍ റിലേയിലും വനിതകളുടെ 20 കിലോമീറ്റര്‍ ടീം നടത്തത്തിലും ഇന്ത്യക്കു വെങ്കലം ലഭിച്ചു.
ചരിത്രത്തില്‍ ആദ്യമായി ബാഡ്മിന്റണില്‍ ഇന്ത്യ മെഡല്‍ നേടി. മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യക്കു വെങ്കലം ലഭിച്ചു. ടെന്നീസില്‍ വനിതാ സിംഗിള്‍സില്‍ വൈഷ്ണവി അദ്കര്‍ വെങ്കലം നേടി.