കോംഗോയിൽ കത്തോലിക്കാ പള്ളിയിൽ ഭീകരാക്രമണം; 34 പേർ കൊല്ലപ്പെട്ടു
Monday, July 28, 2025 1:23 AM IST
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ കത്തോലിക്കാ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പിന്തുണയുള്ള ഭീകരർ നടത്തിയ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടു. കിഴക്കൻ കോംഗോയിലെ കൊമാൻഡയിൽ ഞായറാഴ്ച പുലർച്ചെ ഒന്നിനായിരുന്നു ആക്രമണം. സമീപത്തുള്ള നിരവധി വീടുകളും കടകളും ഭീകരർ തീവച്ചു നശിപ്പിച്ചു.
അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് നിഷ്ഠുര ആക്രമണം നടത്തിയത്. പള്ളിയിലും പുറത്തും ഉണ്ടായിരുന്നവരെ ഭീകരർ വെടിവച്ചു കൊല്ലുകയായിരുന്നു. മൃതദേഹങ്ങൾ ആക്രമണസ്ഥലത്തുനിന്ന് മാറ്റിയിട്ടില്ല. നാൽപ്പതിലധികം പേർ കൊല്ലപ്പെട്ടുവെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പത്തു പേർ കൊല്ലപ്പെട്ടെന്നാണു സൈന്യം പറയുന്നത്. സുരക്ഷാസൈനികരെത്തും മുന്പ് ഭീകരർ രക്ഷപ്പെട്ടു.
ഇന്നലെ തൊട്ടടുത്ത ഗ്രാമമായ മാചോംഗാനിയിൽ ഭീകരരുടെ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഈ മാസം ആദ്യം ഇടുരി പ്രവിശ്യയിൽ എഡിഎഫ് ഭീകരർ നിരവധി പേരെ കൊലപ്പെടുത്തിയിരുന്നു. കൊമാൻഡ സ്ഥിതിചെയ്യുന്നത് ഇടുരി പ്രവിശ്യയിലാണ്.
കോംഗോ-ഉഗാണ്ട അതിർത്തിയാണ് എഡിഎഫിന്റെ ശക്തികേന്ദ്രം. 1990കളുടെ അവസാനം ഉഗാണ്ടയിൽ സ്ഥാപിതമായ ഭീകരസംഘടന കോംഗോയിൽ നിരന്തരം ആക്രമണം നടത്തിവരികയാണ്. ഉഗാണ്ടൻ സൈന്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ എഡിഎഫ് ഭീകരർ കോംഗോയിലേക്കു താവളം മാറ്റുകയായിരുന്നു. 2019ലാണ് ഇസ്ലാമിക് സ്റ്റേറ്റുമായി സഹകരിച്ചു തുടങ്ങിയത്.