തായ്ലൻഡ്-കംബോഡിയ ഏറ്റുമുട്ടൽ തുടരുന്നു
Saturday, July 26, 2025 1:13 AM IST
ബാങ്കോക്ക്/നോം പെൻ: തായ്ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തിസംഘർഷം രണ്ടാം ദിവസമായ ഇന്നലെയും തുടർന്നു.
തായ്ലൻഡിൽ മരണസംഖ്യ 16 ആയി. ഇതിൽ 15ഉം സിവിലിയന്മാരാണ്. 15 സൈനികർ അടക്കം 46 പേർക്കു പരിക്കേറ്റു. കംബോഡിയൻ സർക്കാർ ഇത്തരം കണക്കുകൾ ഇന്നലെയും പുറത്തു വിട്ടില്ല.
വ്യാഴാഴ്ച ആറു സ്ഥലത്തു മാത്രമായിരുന്ന ഏറ്റുമുട്ടൽ 12 സ്ഥലങ്ങളിലേക്കു വ്യാപിച്ചു. പീരങ്കികളും റോക്കറ്റുകളും ഉപയോഗിച്ചാണ് ആക്രമണം. കംബോഡിയൻ പട്ടാളക്കാർ ജനവാസകേന്ദ്രങ്ങളെ മനഃപൂർവം ലക്ഷ്യമിടുന്നതായി തായ്ലൻഡ് ആരോപിച്ചു. തായ് സേന ക്ലസ്റ്റർ ആയുധങ്ങൾ പ്രയോഗിച്ചെന്നു കംബോഡിയൻ സേനയും ആരോപിച്ചു.
ഇരു രാജ്യങ്ങളും അതിർത്തി പ്രദേശങ്ങളിൽനിന്ന് വൻതോതിൽ ജനങ്ങളെ ഒഴിപ്പിച്ചു മാറ്റുകയാണ്. 1.3 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചെന്നു തായ്ലൻഡ് അറിയിച്ചു. എന്നാൽ, കംബോഡിയൻ സർക്കാർ ഇതു സംബന്ധിച്ച കണക്ക് നല്കിയിട്ടില്ല.
പരിമിതമായ തോതിൽ നടക്കുന്ന ഏറ്റുമുട്ടൽ പൂർണയുദ്ധത്തിലേക്കു മാറിയേക്കുമെന്ന് തായ്ലൻഡിലെ ആക്ടിംഗ് പ്രധാനമന്ത്രി ഫുംതാൻ വെച്ചയാച്ചായി മുന്നറിയിപ്പു നല്കി.
മധ്യസ്ഥത വേണ്ടെന്ന് തായ്ലൻഡ്
ബാങ്കോക്ക്: സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാമെന്ന് അന്താരാഷ്ട്ര സമൂഹം വാഗ്ദാനം ചെയ്തെങ്കിലും തായ്ലൻഡ് നിരസിച്ചു. അതിർത്തി തർക്കത്തിൽ മൂന്നാം കക്ഷി ഇടപെടേണ്ടെന്നാണ് അവരുടെ നിലപാട്. കംബോഡിയയുമായി ഉഭയകക്ഷി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണു താത്പര്യം.
തായ്ലൻഡിന്റെ മിത്രം അമേരിക്ക, മേഖലയിലെ വന്പനായ ചൈന, ആസിയാൻ കൂട്ടായ്മയ്ക്ക് അധ്യക്ഷത വഹിക്കുന്ന മലേഷ്യ എന്നിവരാണു മധ്യസ്ഥത വാഗ്ദാനം ചെയ്തത്.
മൂന്നാമതൊരു രാജ്യം മധ്യസ്ഥത വഹിക്കേണ്ടെന്നു തായ്ലൻഡ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.