പോളണ്ടിൽ വൻ എണ്ണനിക്ഷേപം കണ്ടെത്തി
Thursday, July 24, 2025 12:36 AM IST
വാഴ്സ: പോളണ്ടിൽ വൻ എണ്ണനിക്ഷേപം കണ്ടെത്തി. രാജ്യത്തിന്റെ വടക്കൻ ബാൾട്ടിക് തീരത്തു പര്യവേക്ഷണം നടത്തുന്ന കാനഡ ആസ്ഥാനമായുള്ള സെൻട്രൽ യൂറോപ്യൻ പെട്രോളിയം (സിഇപി) കന്പനിയാണു തുറമുഖ നഗരമായ സ്വിനോജിയിൽനിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെ വോളിൻ ഈസ്റ്റിൽ എണ്ണനിക്ഷേപം കണ്ടെത്തിയത്.
കോടിക്കണക്കിന് ക്യുബിക് മീറ്റർ പ്രകൃതിവാതക നിക്ഷേപവും കണ്ടെത്തിയതായി കന്പനി അറിയിച്ചു.
പോളണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും നിക്ഷേപമാണിതെന്നും യൂറോപ്യൻ യൂണിയനാകെ അഭിമാനം പകരുന്ന കണ്ടെത്തലാണിതെന്നും സിഇപി വ്യക്തമാക്കി.
ഉത്പാദനം ആരംഭിക്കുന്നതോടെ ഇന്ധന-പ്രകൃതിവാതക ഇറക്കുമതിയെ ആശ്രയിക്കുന്നത് ഒഴിവാക്കി രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ ശക്തമാക്കാൻ പോളണ്ടിനെ ഇതു സഹായിക്കും.