മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; ദക്ഷിണകൊറിയയിൽ 14 മരണം
Monday, July 21, 2025 12:45 AM IST
സീയൂൾ: ദക്ഷിണകൊറിയയിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 14 ആയി. 12 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരുമെന്നാണു ദുരന്തനിവാരണ വകുപ്പ് അറിയിച്ചത്.
ബുധനാഴ്ച തുടങ്ങിയ മഴയിൽ രാജ്യത്തിന്റെ തെക്കുഭാഗത്താണ് വലിയ തോതിൽ നാശമുണ്ടായത്. ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ചില സ്ഥലങ്ങളിൽ വലിയ മണ്ണിടിച്ചിലുണ്ടായി.
ആയിരക്കണക്കിനു റോഡുകളും പാലങ്ങളും നശിച്ചുവെന്നാണു റിപ്പോർട്ട്. കന്നുകാലികൾ വ്യാപകമായി ചത്തൊടുങ്ങി. കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്. മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളെ പ്രസിഡന്റ് ലീ ജേ മ്യുംഗ് പ്രത്യേക ദുരന്തമേഖലകളായി പ്രഖ്യാപിച്ചു.
ദുരന്തബാധിത മേഖലകളിൽനിന്ന് പതിനായിരം പേരെ ഒഴിപ്പിച്ചു മാറ്റി. 41,000 വീടുകളിൽ വൈദ്യുതി ഇല്ലാതായി.
തെക്കൻ മേഖലയിൽ മഴ കുറഞ്ഞെങ്കിലും തലസ്ഥാനമായ സീയൂൾ ഉൾപ്പെടുന്ന വടക്കൻ മേഖലയിൽ മഴ വർധിച്ചുവരികയാണ്.