അപൂർവ ഇനം കിവി പക്ഷിയെ ന്യൂസിലൻഡിൽ കണ്ടെത്തി
Thursday, July 17, 2025 2:04 AM IST
വെല്ലിംഗ്ടൺ: ദേശീയപക്ഷിയായ കീവിയുടെ അപൂർവ ഇനത്തെ 50 വർഷത്തിനുശേഷം കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണു ന്യൂസിലൻഡ്.
ഏറ്റവും ചെറിയ ഇനമായ പുകുപുകു (ലിറ്റിൽ സ്പോട്ടഡ് കിവി) കിവിയെയാണു കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ ദ്വീപിലെ ആദംസ് വനത്തിൽ ഒരു വേട്ടക്കാരനാണു പക്ഷിയെ കണ്ടത്.
പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അപൂർവ ഇനത്തിൽപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പെൺ കിവിയെയാണു കണ്ടെത്തിയത്. 1978നുശേഷം ഇതാദ്യമായാണു രാജ്യത്ത് ഈയിനത്തിൽപ്പെട്ട കിവി പക്ഷിയെ കാണുന്നത്.
ചിറകുണ്ടെങ്കിലും പറക്കാനാകാത്ത പക്ഷികളുടെ കൂട്ടത്തിൽപ്പെട്ടവയാണു കിവികൾ. വളരെ ചെറിയ ചിറകായതിനാലാണ് ഇവയ്ക്കു പറക്കാൻ സാധിക്കാത്തത്. വളരെവേഗം വേട്ടയാടപ്പെടുന്ന പക്ഷികൂടിയാണിവ. പ്രധാനമായും അഞ്ചുതരം കിവി വർഗങ്ങളാണ് ലോകത്തുള്ളത്.