കജികി ചുഴലിക്കാറ്റ് ; ജനങ്ങളെ ഒഴിപ്പിച്ച് വിയറ്റ്നാം
Tuesday, August 26, 2025 2:32 AM IST
ഹനോയ്: കജികി ചുഴലിക്കാറ്റിനെ നേരിടാൻ വിപുലമായ ക്രമീകരണങ്ങൾ നടത്തി വിയറ്റ്നാം. ആയിരക്കണക്കിന് ജനങ്ങളെ ഒഴിപ്പിക്കുകയും സ്കൂളുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഈ വർഷത്തെ ഏറ്റവും ശക്തിയേറിയ ചുഴലിയാണ് കജികി എന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.
ന്യൂനമർദമായി ഈ മാസം 22നു രൂപംകൊണ്ട കാലാവസ്ഥാ പ്രതിഭാസം രണ്ട് ദിവസത്തിനുള്ളിൽ കരുത്താർജിക്കുകയായിരുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് വീശിയടിച്ച യാഗി ചുഴലിക്കാറ്റിനോടാണ് ഇതിനെ വിദഗ്ധർ താരതമ്യപ്പെടുത്തുന്നത്.
യാഗി വരുത്തിവച്ച അടിയന്തര സാഹചര്യത്തിൽ 300 പേർ കൊല്ലപ്പെടുകയും 3.3 ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു.