കെസിഎല്ലില്നിന്ന് സഞ്ജുവിന്റെ ലോംഗ് ഷോട്ട്
Tuesday, August 26, 2025 2:32 AM IST
അനീഷ് ആലക്കോട്
തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്റിന്റെ മുന്നിലേക്ക് മലയാളി വിക്കറ്റ് കീപ്പര്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ഒരു ലോംഗ് ഷോട്ട്. കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ഏരീസ് കൊല്ലം സെയ്ലേഴ്സിനെതിരായ 42 പന്തിലെ സെഞ്ചുറികൊണ്ടായിരുന്നു അത്.
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീം ഓപ്പണര്‍ സ്ഥാനം തനിക്കു നല്‍കണമെന്ന അവകാശവാദം ഈ സെഞ്ചുറിയിലൂടെ സഞ്ജു നടത്തി. സഞ്ജു 2025 സീസണിലൂടെ കെസിഎല്‍ അരങ്ങേറ്റം നടത്തുന്നതിനു രണ്ടുദിനം മുമ്പായിരുന്നു 2025 ഏഷ്യ കപ്പ് ട്വന്റി-20ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്.
പ്രതീക്ഷ തെറ്റിയില്ല, ഇന്ത്യയുടെ 15 അംഗ ടീമില്‍ സഞ്ജു സാംസണ് ഉള്‍പ്പെട്ടു. എന്നാല്‍, ഇന്ത്യയുടെ അവസാന മൂന്ന് ട്വന്റി-20 പരമ്പരകളിലും ഓപ്പണറായ സഞ്ജു സാംസന് ഏഷ്യ കപ്പ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കണമെങ്കില്‍, ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമായി ഏറ്റുമുട്ടണം. അതിന്റെ സൂചന ടീം പ്രഖ്യാപനത്തിനിടെ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നല്കി. എന്നാല്‍, കെസിഎല്ലിലെ സെഞ്ചുറിയിലൂടെ ട്വന്റി-20 ഓപ്പണിംഗില്‍ തന്റെ ബാറ്റിന്റെ കരുത്ത് ഒരിക്കല്‍ക്കൂടി സഞ്ജു വെളിപ്പെടുത്തിക്കഴിഞ്ഞു.
കാര്യവട്ടത്ത് സംഭവിച്ചത്
26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് 2025 സീസണ് കെസിഎല്‍ ലേലത്തില്‍ സ്വന്തമാക്കിയത്. ആദ്യ മൂന്നു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ സഞ്ജു ബാറ്റിംഗിന് ഇറങ്ങിയത് രണ്ട് ഇന്നിംഗ്സില്‍ മാത്രം. അദാനി ട്രിവാന്‍ഡ്രത്തിന് എതിരായ ആദ്യ മത്സരത്തില്‍ കൊച്ചി എട്ട് വിക്കറ്റ് ജയം നേടിയപ്പോള്‍ സഞ്ജു ക്രീസിലേക്കെത്തിയില്ല.
ആലപ്പി റിപ്പിള്‍സിന് എതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊച്ചിക്കായി ആറാം നമ്പറിലായിരുന്നു സഞ്ജു ക്രീസിലെത്തിയത്. 22 പന്ത് നേരിട്ട് 13 റണ്‍സ് മാത്രമേ അന്ന് സഞ്ജുവിന്റെ ബാറ്റില്‍നിന്നു പിറന്നുള്ളൂ. മൂന്നാം മത്സരത്തില്‍ ഏരീസ് കൊല്ലം 237 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം മുന്നോട്ടുവച്ചപ്പോള്‍ കൊച്ചിക്കായി സഞ്ജു ഓപ്പണിംഗിന്. നേരിട്ട 42-ാം പന്തില്‍ സെഞ്ചുറി. 51 പന്തില്‍ 121 റണ്‍സ് നേടിയശേഷം മടക്കം. ഏഴ് സിക്സും 14 ഫോറും ആ ബാറ്റില്‍നിന്നു കാര്യവട്ടത്തിന്റെ അതിര്‍ത്തി ഭേദിച്ചു.
ആറല്ല ഒന്ന്
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍, ജിതേഷ് ശര്‍മയെയാണ് വിക്കറ്റ് കീപ്പറായി അജിത് അഗാര്‍ക്കര്‍ ആദ്യം പ്രഖ്യാപിച്ചത്. 15 അംഗ ടീം പ്രഖ്യാപനത്തില്‍ 13-ാമനായാണ് സഞ്ജുവിന്റെ പേര് പറഞ്ഞതെന്നതും ശ്രദ്ധേയം. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഉള്ള ടീമിലെ ബാക്കപ്പ് ഓപ്പണര്‍ എന്നതായിരിക്കും സഞ്ജുവിന്റെ റോള്‍. അതോടെ ജിതേഷ് ശര്‍മ ഒന്നാം വിക്കറ്റ് കീപ്പറാകും. അല്ലെങ്കില്‍ മധ്യനിര/ഫിനിഷര്‍ റോളിലേക്ക് സഞ്ജുവിനു മാറേണ്ടിവരും.
ഈ സാധ്യത മുന്നില്‍ക്കണ്ടാണ് ആലപ്പി റിപ്പിള്‍സിന് എതിരായ മത്സരത്തില്‍ സഞ്ജു ആറാം നമ്പറില്‍ ഇറങ്ങിയത്. 22 പന്തില്‍ 13 റണ്‍സ് മാത്രമായിരുന്നു സഞ്ജു ആലപ്പി റിപ്പിള്‍സിന് എതിരേ നേടിയത്. ഒരു ബൗണ്ടറിപോലും ഇല്ലാത്ത ഇന്നിംഗ്സില്‍ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 59.09 മാത്രവും. എന്നാല്‍, ആറിലല്ല ഒന്നിലാണ് തന്റെ ബാറ്റിംഗ് വിസ്ഫോടനമെന്നു പ്രസ്താവിക്കുകയായിരുന്നു ഏരീസ് കൊല്ലം സെയ്ലേഴ്സിന് എതിരായ സെഞ്ചുറിയിലൂടെ സഞ്ജു ചെയ്തത്.
ഓപ്പണിംഗ്: ഗില്‍ Vs സഞ്ജു
സഞ്ജു ഇന്ത്യക്കായി ഇതുവരെ 42 ട്വന്റി-20 കളിച്ചു. അതില്‍ 38 ഇന്നിംഗ്സിലായി മൂന്ന് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 25.38 ശരാശരിയില്‍ 861 റണ്‍സ് നേടി. 2024 ഒക്ടോബര്‍ മുതല്‍ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ഓപ്പണറാണ് സഞ്ജു.
അന്നു മുതല്‍ ഇതുവരെയായി 12 ഇന്നിംഗ്സില്‍ ഓപ്പണിംഗില്നിന്ന് 417 റണ്‍സ് നേടി. രാജ്യാന്തര കരിയറിലെ സഞ്ജുവിന്റെ മൂന്നു സെഞ്ചുറി പിറന്നതും ഇതിനിടെയാണ്. കരിയറില്‍ നേടിയ രണ്ട് അര്‍ധസെഞ്ചുറിയില്‍ ഒരെണ്ണം സഞ്ജു നേടിയതും ഓപ്പണര്‍ റോളിലായിരുന്നു. സഞ്ജു ഇതുവരെ ആകെ 17 ഇന്നിംഗ്സിലാണ് ഇന്ത്യയുടെ ഓപ്പണറായത്. 111 ആണ് ഉയര്‍ന്ന സ്കോര്‍.
ശുഭ്മാന്‍ ഗില്‍ 21 രാജ്യാന്തര ട്വന്റി-20 കളിച്ചു. 21ലും ഓപ്പണര്‍ റോള്‍. 18 എണ്ണത്തില്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലായിരുന്നു. 126 നോട്ടൗട്ടാണ് ഉയര്‍ന്ന സ്കോര്‍. 30.42 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയുമടക്കം 578 റണ്‍സ് നേടി. ഗില്‍ വൈസ് ക്യാപ്റ്റനായാണ് ഏഷ്യ കപ്പിനുള്ള ടീമിലേക്ക് എത്തുന്നത്.
ഒരു വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്കുശേഷം ഗില്‍ ട്വന്റി-20 ടീമിലെത്തുമ്പോള്‍ ടോപ് ഓര്‍ഡറില്‍ സഞ്ജുവിനു സ്ഥാന ചലനമുണ്ടാകും. എന്നാല്‍, ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നതിനു മുമ്പ് സഞ്ജുവിനു മുന്നില്‍ ഒരു ലക്ഷ്യം ബാക്കി; കെസിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ മധ്യനിരയില്‍ തിളങ്ങി ഏഷ്യ കപ്പിനുള്ള പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കുക...