കെസിഎല്‍ 2025 സീസണിലെ ആദ്യ മത്സരത്തില്‍ കൊല്ലത്തിന് ഒരു വിക്കറ്റ് ജയം
Friday, August 22, 2025 1:02 AM IST
തോമസ് വര്‍ഗീസ്
കാര്യവട്ടം: ബാറ്റിംഗ് പിച്ചില്‍ ബൗളര്‍മാരുടെ ആഴിഞ്ഞാട്ടം. കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20 സീസണ് രണ്ടിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്ലേഴ്സിന് ഒരു പന്ത് ബാക്കി നില്‍ക്കേ ഒരു വിക്കറ്റ് ജയം. റണ്ണൊഴുകുമെന്ന പ്രതീക്ഷ തെറ്റിച്ച് കൊല്ലം സെയ്ലേഴ്സും കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സും തമ്മിലുള്ള മത്സരം ബൗളര്‍മാര്‍ ഏറ്റെടുക്കുന്നതിനാണ് കാര്യവട്ടം സാക്ഷ്യംവഹിച്ചത്.
കൊല്ലത്തിനുവേണ്ടി 31 പന്തില്‍ 41 റണ്‍സ് നേടിയ വല്‍സല്‍ ഗോവിന്ദാണ് ടോപ് സ്കോറര്‍. അവസാന ഓവറില്‍ അവസാന രണ്ടു പന്തുകള്‍ സിക്സര്‍ പായിച്ച് ബിജു നാരായണന് ടീമിന്റെ വിജയ റണ്‍സ് കുറിച്ചു. മൂന്ന് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് കോഴിക്കോടിന്റെ നാലു വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷറഫുദ്ദീനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
ആദ്യ ഫിഫ്റ്റി രോഹന്
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഗ്ലോബ്സ്റ്റാഴ്സിനെ സെയ്ലേഴ്സിന്റെ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 18 ഓവറില്‍ 138 റണ്‍സിന് ഓള് ഔട്ട്. രോഹന് കുന്നുമ്മലിനു മാത്രമാണ് ബാറ്റിംഗ് താളം കണ്ടെത്താനായത്. 22 പന്തില്‍ 54റണ്‍സ് സ്വന്തമാക്കിയ രോഹന് ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറിക്കും ഉടമയായി.
ടോസ് നേടിയ ബൗളിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് കൊല്ലത്തിന്റെ ബൗളര്‍മാര്‍ കാഴ്ച്ചവച്ചത്. കാലിക്കട്ടിനുവേണ്ടി റോഹന്‍ കുന്നുമ്മൽ, സച്ചിന് സുരേഷ് ഓപ്പണിംഗ് കൂട്ടുകെട്ട് സ്കോര്‍ 36ല്‍ നില്ക്കവേ എന്‍.എം. ഷറഫുദ്ദീന് പൊളിച്ചു. ഷറഫുദ്ദീന്റെ പന്തില്‍ ബിജു നാരായണന്റെ കൈകളില്‍ ഓപ്പണര്‍ സച്ചിന് സുരേഷ് (13 പന്തില്‍ 10) അവസാനിച്ചു.
തുടര്‍ന്നെത്തിയ അഖില്‍ സക്കറിയയ്ക്ക് കാര്യമായി സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല 12 പന്ത് നേരിട്ട അഖില്‍ ഏഴു റണ്‍സുമായി പുറത്തായി. എട്ടാം ഓവറിലെ അവസാന പന്ത് സിക്സര്‍ പായിച്ച് രോഹന് കുന്നുമ്മല്‍ അര്‍ധസെഞ്ചുറി നേടി. തൊട്ടടുത്ത ഓവറില്‍ ബിജു നാരായണന്റെ പന്തില്‍ അഭിഷേക് നായര്‍ക്ക് ക്യാച്ച് നല്കി രോഹന് പവലിയനിലേക്കു മടങ്ങി. ഒന്‍പത് ഓവര്‍ അവസാനിച്ചപ്പോള്‍ മൂന്നിന് 77 എന്ന നിലയിലായിരുന്നു കാലിക്കട്ട്.
വിശ്വസ്ത ബാറ്റര്‍ സല്മാന് നിസാര്‍ 15-ാം ഓവറിലെ ആദ്യപന്തില്‍ പുറത്തായതോടെ കാലിക്കട്ടിന്റെ കൂറ്റന്‍ സ്കോര്‍ പ്രതീക്ഷ അസ്തമിച്ചു. 18 പന്തില്‍ ഒരു സിക്സും ഒരു ഫോറും ഉള്‍പ്പെടെ 21 റണ്‍സുമായി നിന്ന സല്‍മാനെ സച്ചിന് ബേബിയുടെ പന്തില്‍ സി. അഖില്‍ ക്യാച്ചെടുത്തു.
കൃഷ്ണദേവന് (2), ഹരികൃഷ്ണന് (ഒന്ന്) എന്നിവരും രണ്ടക്കം കാണാതെ പുറത്തായി. വാലറ്റത്ത് മനുകൃഷ്ണന് നേടിയ രണ്ടു കൂറ്റന്‍ സിക്സറുകള്‍ കാലിക്കട്ടിന്റെ സ്കോര്‍ 130 കടത്തി. എ.ജി. അമലിനെ കൂറ്റനടിക്കു ശ്രമിച്ച മനുകൃഷ്ണനെ രാഹുല്‍ പിടിച്ചതോടെ കാലിക്കട്ട് 138നു പുറത്ത്.
സിക്സ് ഫിനിഷ്
മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന് ആദ്യപന്തില്‍തന്നെ ഓപ്പണര്‍ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്്ടമായി. ഹരികൃഷ്ണന് എറിഞ്ഞ ആദ്യപന്തില്‍ വിഷ്ണു ക്ലീന്‍ ബൗള്‍ഡ്. തുടര്‍ന്ന് സച്ചിന് ബേബിയും അഭിഷേക് നായരും ചേര്‍ന്ന്് ഏഴ് ഓവര്‍ വരെ വിക്കറ്റ് നഷ്ടമാതെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
മിഥുന് എറിഞ്ഞ ഏഴാം ഓവറിലെ നാലാം പന്തില്‍ സച്ചിന് ബേബി ക്ലീന്‍ ബൗള്‍ഡ്. 21 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ 24 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം. 49 റണ്‍സ് എടുക്കുന്നതിനിടെ നാലു മുന്‍നിര ബാറ്റര്‍മാരെ കൊല്ലത്തിനു നഷ്ടമായി. എം.എസ്. രാഹുല്‍ (3), എന്‍.എം. ഷറഫുദ്ദീന് (5), എ.ജി. അമല്‍ (14), ആഷിക്ക് മുഹമ്മദ് (2) എന്നിവര്‍ വേഗത്തില്‍ പുറത്തായതോടെ കൊല്ലം പരാജയ ഭീതിയിലേക്ക് മാറി.
അവസാന മൂന്നു പന്തില്‍ 12 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന കൊല്ലത്തിനു രണ്ട് സിക്സിലൂടെ ബിജു നാരായണനാണ് ചിരിസമ്മാനിച്ചത്. ബിജു നാരായണനും (7 പന്തില്‍ 15) ഏദന്‍ ആപ്പിള്‍ ടോമും (6 പന്തില്‍ 10) പുറത്താകാതെ നിന്നു.
ഉദ്ഘാടന ചടങ്ങ് കേരളോത്സവമായി...
കാര്യവട്ടം: കേരളത്തിന്റെ തനതു കലാരൂപങ്ങളുടെ വിസ്മയക്കാഴ്ച്ച ഒരുക്കി കെസിഎല്‍ സീസണ് രണ്ടിന് പ്രൗഡഗംഭീര തുടക്കം. കാര്യവട്ടം സ്റ്റേഡിയത്തില്‍ എത്തിയ കലാ, കായിക പ്രേമികള്‍ക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദൃശ്യവിസ്മയം സമ്മാനിച്ചുകൊണ്ടാണ് കലാപരിപാടികള്‍ അരങ്ങേറിയത്.
തിരുവാതിര, കഥകളി, തെയ്യം, ദഫ് മുട്ട് തുടങ്ങിയ കലാരൂപങ്ങള്‍ ഗാലറിയെ ആവേശഭരിതമാക്കി. പിന്നാലെ കെസിഎല്ലിന്റെ ഭാഗ്യചിഹ്നങ്ങളുടെ അകമ്പടിയോടെ ആറു ടീമിന്റെയും ക്യാപ്റ്റന്മാര് അണിനിരന്നു. കെസിഎല്‍ ബ്രാന്‍ഡ് അംബാസിഡര്‍ നടന് മോഹന്‍ലാല്‍ കടന്നു വന്നപ്പോള്‍ കാണികള്‍ ആവേശത്തോടെ വരവേറ്റു.