ഏഷ്യ കപ്പ് ട്വന്റി-20ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്‍, സഞ്ജു, ബുംറ
Wednesday, August 20, 2025 12:24 AM IST
മുംബൈ: 2025 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ട്വന്റി-20 ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ് ഇടം നേടി; 2024 ലോകകപ്പിലേതുപോലെ 2025 ഏഷ്യ കപ്പിലും മലയാളി സാന്നിധ്യം.
എന്നാല്‍, ഇന്ത്യയുടെ അവസാന മൂന്ന് ട്വന്റി-20 പരമ്പരകളിലും ഓപ്പണറായ സഞ്ജു സാംസന് ഏഷ്യ കപ്പ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കണമെങ്കില്‍, ദേശീയ ടീമിന്റെ സ്ഥിരം ക്യാപ്റ്റന്സിയിലേക്കടുക്കുന്ന ശുഭ്മാന്‍ ഗില്ലുമായി മത്സരിക്കണം.
ഇതിന്റെ സൂചന ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ പുരുഷ ടീം പ്രഖ്യാപനത്തിനിടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും നല്കി എന്നതാണ് വാസ്തവം. യശസ്വി ജയ്സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍ അടക്കം അഞ്ച് സ്റ്റാന്‍ഡ് ബൈ താരങ്ങളെയും ബിസിസിഐ പ്രഖ്യാപിച്ചെന്നതും ശ്രദ്ധേയം.
ഗില്‍, ബുംറ റിട്ടേൺസ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നു മത്സരങ്ങളില്‍ മാത്രം കളിച്ച്, ആവശ്യത്തിനു വിശ്രമം നേടിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെയും ഉള്‍പ്പെടുത്തിയാണ് ഏഷ്യ കപ്പ് ട്വന്റി-20ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. 2024 ജൂണ്‍ 29നു നടന്ന ഐസിസി ലോകകപ്പ് ഫൈനലിനുശേഷം ബുംറ ഇന്ത്യക്കായി ട്വന്റി-20 ക്രിക്കറ്റ് കളിച്ചിട്ടില്ല.
ഒരു വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്കുശേഷമാണ് ബുംറ ട്വന്റി-20 ടീമിലേക്കു മടങ്ങിയെത്തുന്നത്. ഇംഗ്ലണ്ടില്‍ വിശ്രമം അനുവദിക്കുകയും അഞ്ചാം ടെസ്റ്റിനിടെ റിലീസ് ചെയ്യുകയും ചെയ്തശേഷം ബുംറയെ ഏഷ്യ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ മുന്‍കൂട്ടിത്തയാറാക്കിയ തിരക്കഥയില്ലെന്ന് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി.
ശുഭ്മാന്‍ ഗില്ലും ഒരു വര്‍ഷത്തില്‍ അധികം നീണ്ട ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയുടെ ട്വന്റി-20 ടീമിലേക്ക് എത്തുന്നത്. 2024 ജൂലൈ 30ന് അവസാനിച്ച ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു ഗില്‍ ഇന്ത്യക്കായി അവസാനമായി ട്വന്റി-20 കളിച്ചത്. അന്ന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ഗില്ലിന്, ഏഷ്യ കപ്പിനുള്ള ടീമിലും അതേ സ്ഥാനം നല്കി.
ശ്രേയസ്, ജയ്സ്വാള്‍ പുറത്ത്
ഓപ്പണിംഗ് ബാറ്റര്‍ യശസ്വി ജയ്സ്വാള്‍, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവരെ ഏഷ്യ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നതും ശ്രദ്ധേയം. ഓപ്പണിംഗില്‍ അഭിഷേക് ശര്‍മ (ലോക ഒന്നാം നമ്പര്‍ ബാറ്റര്‍) സമീപനാളില്‍ നടത്തുന്ന പ്രകടനം അദ്ദേഹത്തിന്റെ ഇരിപ്പിടം ഉറപ്പിച്ചതാണ് 15 അംഗ സംഘത്തില്‍നിന്ന് ജയ്സ്വാളിന്റെ പുറത്താകലിനു കാരണം.
അഭിഷേക് ബൗള്‍ ചെയ്യുമെന്നതും പരിഗണിക്കപ്പെട്ടു. എന്നാല്‍, സ്റ്റാന്‍ഡ് ബൈ പട്ടികയില്‍ ജയ്സ്വാളിനെ ഉള്‍പ്പെടുത്തി. 2026 ട്വന്റി-20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള ടീമിനെ കെട്ടിപ്പടുക്കലായതിനാലാണ് ശ്രേയസ് അയ്യറിനു സ്ഥാനം ലഭിക്കാതിരുന്നത്.
ബുംറയ്ക്കൊപ്പം ഹര്‍ഷിത് റാണ, അര്‍ഷദീപ് സിംഗ് എന്നിവരാണ് പേസ് സ്പെഷലിസ്റ്റുകള്‍. ഇവര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരും സീം ബൗളിംഗുമായെത്തും. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവരാണ് സ്പിന്നര്‍മാര്‍.
ഇന്ത്യന്‍ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, റിങ്കു സിംഗ്.
സ്റ്റാന്‍ഡ് ബൈ: പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, യശസ്വി ജയ്സ്വാള്‍.
സഞ്ജുവിന്റെ സാധ്യത
ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനാകുന്നതോടെ പ്ലേയിംഗ് ഇലവനില്‍ സഞ്ജു സാംസന്റെ സാധ്യത മങ്ങി എന്നതാണ് വാസ്തവം. ഗില്‍ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നല്കിയ മറുപടി ഇങ്ങനെ: ക്യാപ്റ്റനും കോച്ചുമാണ് ബാലന്‍സുള്ള പ്ലെയിംഗ് ഇലവനെ പ്രഖ്യാപിക്കുന്നത്. ശുഭ്മാനും സഞ്ജുവും മികച്ച ഫോമില്‍ തുടരുന്ന താരങ്ങളാണ്. അഭിഷേക് ശര്‍മയും ചേരുന്നതോടെ ഓപ്പണിംഗിലേക്കു മൂന്ന് ഓപ്ഷനുകളാണുള്ളത്.
ഒരു വര്‍ഷത്തിനുശേഷം ഇന്ത്യയുടെ ട്വന്റി-20 ടീമിലേക്കുള്ള ശുഭ്മാന്‍ ഗില്ലിന്റെ മടങ്ങിവരവിനെ കുറിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞത് ഇങ്ങനെ: ലോകകപ്പിനുശേഷം ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലാണ് ശുഭ്മാന്‍ ഗില്‍ അവസാനമായി കളിച്ചത്. അന്ന് ഗില്ലായിരുന്നു വൈസ് ക്യാപ്റ്റന്‍. 2026 ട്വന്റി-20 ലോകകപ്പിന്റെ ഒരുക്കം തുടങ്ങിയത് അന്നു മുതലാണ്. ലങ്കന്‍ പര്യടനത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റുമായി ഗില്‍ തിരക്കിലായിരുന്നു. ഗില്ലിന്റെ തിരിച്ചുവരവ് ടീമിനു കരുത്താണ്.
അഗാര്‍ക്കര്‍ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍, ജിതേഷ് ശര്‍മയെയാണ് വിക്കറ്റ് കീപ്പറായി ആദ്യം പ്രഖ്യാപിച്ചത്. 15 അംഗ ടീം പ്രഖ്യാപനത്തില്‍ 13-ാമനായാണ് സഞ്ജുവിന്റെ പേര് പറഞ്ഞതെന്നതും ശ്രദ്ധേയം. അതായത്, ബാക്കപ്പ് ഓപ്പണര്‍ എന്നതായിരിക്കാം സഞ്ജുവിന്റെ റോള്‍. അതോടെ ജിതേഷ് ശര്‍മ ഒന്നാം വിക്കറ്റ് കീപ്പറാകും. അല്ലെങ്കില്‍ ടോപ് ഓര്‍ഡര്‍ ബാറ്ററായ സഞ്ജുവിനെ, ഫിനിഷര്‍ റോളിലേക്കു മാറ്റേണ്ടിവരും. അതിനുള്ള സാധ്യത കുറവാണെങ്കിലും കാത്തിരുന്നു കാണുകതന്നെ.
ടെസ്റ്റ് ക്രിക്കറ്റുമായി ശുഭ്മാന്‍ ഗില്‍ തിരക്കിലായിരുന്നതിനാലാണ് സഞ്ജു സാംസണ് ഇന്ത്യയുടെ ഓപ്പണര്‍ റോളില്‍ കഴിഞ്ഞ പരമ്പരകളില്‍ കളിച്ചതെന്നും അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി എന്നതും ശ്രദ്ധേയം.
ഗില്‍ & സഞ്ജു ഓപ്പണിംഗ്
ശുഭ്മാന്‍ ഗില്‍ ഇതുവരെ 21 ട്വന്റി-20 കളിച്ചു. 21ലും ഓപ്പണര്‍ റോളിലായിരുന്നു. 18 ഇന്നിംഗ്സിലും നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലായിരുന്നു ഓപ്പണ്‍ ചെയ്തത്. 126 നോട്ടൗട്ടാണ് ഉയര്‍ന്ന സ്കോര്‍.
30.42 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയുമടക്കം 578 റണ്‍സ് നേടി. സഞ്ജു 42 ട്വന്റി-20യിലായി 38 ഇന്നിംഗ്സ് ബാറ്റ് ചെയ്തു. അതില്‍ 17 ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തു. അവസാനം കളിച്ച 12 ഇന്നിംഗ്സിലും സ്ട്രൈക്കര്‍ ഓപ്പണറായിരുന്നു. മൂന്നു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 25.32 ശരാശരിയില്‍ 565 റണ്‍സ് നേടി.