ജൂണിയർ അത്ലറ്റിക് മീറ്റ്; പാലക്കാടൻ കുതിപ്പിനു മലപ്പുറം പ്രതിരോധം
Sunday, August 17, 2025 12:11 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: ട്രാക്കിലും ഫീൽഡിലും പാലക്കാടൻ കുതിപ്പിനു പ്രതിരോധം തീർത്ത് മലപ്പുറം ഒപ്പത്തിനൊപ്പമുള്ള പോരാട്ടം നടത്തിയപ്പോൾ സംസ്ഥാന ജൂണിയർ മീറ്റിൽ ആദ്യദിനം ഇഞ്ചോട് ഇഞ്ച് പോരാട്ടം. പാലക്കാടും മലപ്പുറവും തമ്മിൽ നാലര പോയിന്റ് മാത്രം വ്യത്യാസം.
ആദ്യദിനം 40 ഫൈനലുകൾ
പൂർത്തിയായപ്പോൾ ഏഴു സ്വർണവും ഏഴു വെള്ളിയും ഏഴു വെങ്കലവും ഉൾപ്പെടെ 140 പോയിന്റുമായി പാലക്കാട് ഒന്നാമതും എട്ടു സ്വർണവും ആറു വെള്ളിയും അഞ്ചു വെങ്കലവുമായി 135.5 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തുമുണ്ട്. ആതിഥേയരായ തിരുവനന്തപുരം മൂന്നു സ്വർണവും ആറുവെള്ളിയും നാലു വെങ്കലവുമായി 102.5 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തുമെത്തി.
ആദ്യ ദിനം നാലു റിക്കാർഡുകൾ
ചന്ദ്രശേഖരൻ നായർ പോലീസ് സ്റ്റേഡിയത്തിൽ ഇന്നലെ നാലു റിക്കാർഡുകളാണ് കുറിക്കപ്പെട്ടത്. വനിതകളുടെ 18 വയസിൽ താഴെയുള്ള വിഭാഗത്തിലെ 3000 മീറ്റർ നടത്തത്തിൽ കണ്ണൂരിന്റെ പി.വി. നിരഞ്ജന 15 മിനിറ്റ് 57.69 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്.
മലപ്പുറത്തിന്റെ കെ.പി. ഗീതു 2024 ൽ സ്ഥാപിച്ച 16 മിനിറ്റ് 6:51 സമയമാണ് പഴങ്കഥയാക്കിയത്. ഈ ഇനത്തിൽ വെള്ളി നേട്ടത്തിന് ഉടമയായ പി. നിരഞ്ജനയും (15 മിനിറ്റ് 57.73 സെക്കൻഡ്) നിലവിലെ റിക്കാർഡ് മറികടക്കുന്ന പ്രകടനം നടത്തി.
14 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ ജാവലിൻ ത്രോയിൽ 26.02 മീറ്റർ ദൂരം കണ്ടെത്തിയ കോട്ടയത്തിന്റെ ടി. ജാനകി, ഉൗർമിള രാജനും ട്രയാത്തലണിൽ കൊല്ലത്തിന്റെ എ. അനന്യ(2423 പോയിന്റ്)യും റിക്കാർഡ് പട്ടികയിൽ ഇടം പിടിച്ചു.
16 വയസിൽ താഴെയുള്ള ആണ്‍കുട്ടികളുടെ 60 മീറ്ററിൽ എറണാകുളത്തിന്റെ നോബിൾ ബിനോയ് 7:13 സെക്കൻഡിൽ ഫൈനൽ പോയിന്റ് ടച്ച് ചെയ്ത് റിക്കാർഡിന് അർഹനായി. പാലക്കാടിന്റെ നിവേദ് കൃഷ്ണ കഴിഞ്ഞ വർഷം സ്ഥാപിച്ച 7:20 സെക്കൻഡ് സമയമാണ് നോബിൾ തിരുത്തിയത്.
16 ൽ താഴെയുള്ള വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്റർ നടത്ത മത്സരത്തോടെയാണ് ജൂണിയർ മീറ്റിനു ട്രാക്ക് ഉണർന്നത്. ഈ ഇനത്തിൽ സുവർണനേട്ടം സ്വന്തമാക്കിയ ഇടുക്കിയുടെ ക്ലമന്റ് ജോസ് ആദ്യ സ്വർണത്തിന് ഉടമയായി. 25 മിനിറ്റ് 20:37 സെക്കൻഡിലായിരുന്നു ക്ലമന്റിന്റെ സ്വർണത്തിലേക്കുള്ള കുതിപ്പ്.
മീറ്റിന്റെ ആവേശ ഇനങ്ങളിൽ ഒന്നായ 18 വയസിൽ താഴെയുള്ളവരുടെ 100 മീറ്ററിൽ പുരുഷവിഭാഗത്തിൽ പാലക്കാടിന്റെ ജെ.നിവേദ് കൃഷ്ണനും(10:83 സെക്കൻഡ്) വനിതാവിഭാഗത്തിൽകോഴിക്കോടിന്റെ ദേവാനന്ദ വി. ബിജു(12:34 സെക്കൻഡ്) വും വേഗതാരങ്ങളായി ഓടിയെത്തി.
മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് 54 ഫൈനലുകൾക്ക് ചന്ദ്രശേഖരൻനായർ സ്റ്റേഡിയം സാക്ഷ്യം വഹിക്കും.