ഓസീസ് ഇതിഹാസം ബോബ് സിംപ്സണു വിട
Sunday, August 17, 2025 12:11 AM IST
സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ബോബ് സിംപ്സണ് (89) അന്തരിച്ചു. ഓസീസ് ക്രിക്കറ്റിലെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളിലൊരാളായ സിംപ്സൺ ഞായറാഴ്ച സിഡ്നിയിലാണ് അന്തരിച്ചത്.
കളിക്കളത്തിൽ രാജ്യത്തിനുവേണ്ടി ഒട്ടേറെ വിജയങ്ങൾ സ്വന്തമാക്കിയ ബോബ് വിരമിച്ച ശേഷം പരിശീലകൻ, സെലക്ഷൻ ബോർഡ് അംഗം എന്നീ നിലകളിലും ഓസ്ട്രേലിയൻ ക്രിക്കറ്റിനെ വിജയങ്ങളിലെത്തിച്ചു.
ഓപ്പണിംഗ് ബാറ്റർ, ലെഗ്സ്പിൻ ബൗളർ, സ്ളിപ്പിലെ ചോരാത്ത കൈകൾക്ക് ഉടമ എന്നീ നിലകളിലാണു കളിക്കളത്തിൽ ബോബ് സിംപ്സൺ ശ്രദ്ധേയനായത്. 1957നും 1978നും ഇടയിൽ 62 ടെസ്റ്റുകളിൽനിന്ന് 4869 റണ്‍സ്. 1964ല്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെനേടിയ 311 ഉൾപ്പെടെ പത്തു സെഞ്ചുറികൾ നേടിയ ബോബ് സിംപ്സൺ ടെസ്റ്റിൽ 71 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ന്യൂസൗത്ത് വെയില്‍സ് താരമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. 1965ല്‍ ബില്‍ ലോറിക്കൊപ്പം വെസ്റ്റ് ഇന്‍ഡീസിനെതിരേ ഓപ്പണിംഗ് വിക്കറ്റിൽ അടിച്ചുകൂട്ടിയ 382 റണ്‍സ് ടെസ്റ്റിലെ ഓസ്ട്രേലിയന്‍ റിക്കാര്‍ഡായി ഇന്നും തുടരുന്നു.
തുടർച്ചയായ പരാജയങ്ങളിലൂടെ ആത്മവിശ്വാസം നഷ്ടപ്പെട്ട ഓസീസ് ടീമിനെ അലൻ ബോർഡറുടെ നേതൃത്വത്തില്‍ അജയ്യശക്തിയാക്കി വളര്‍ത്തിയെടുത്ത പരിശീലകനെന്ന നിലയിലും ശ്രദ്ധേയനാണ്.
1986ല്‍ അന്നത്തെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇന്നത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ) ക്ഷണപ്രകാരമാണ് ടീമിന്റെ മുഴുവൻ സമയ കോച്ചായി ചുമതലയേറ്റത്. ഡേവിഡ് ബൂണ്‍, ഡീന്‍ ജോണ്‍സ്, സ്റ്റീവ് വോ, ക്രെയ്ഗ് മക്ഡെര്‍മോട്ട്, മെര്‍വ് ഹ്യൂസ് തുടങ്ങിയവരിലൂടെ ശക്തമായൊരു ടീമിന് അടിത്തറ പാകി.
1987ല്‍ ലോറി സാലിന്റെ നേതൃത്വത്തിലുള്ള ഓസീസ് സെലക്ഷൻ ബോർഡിൽ ബോബ് സിംപ്സൺ അംഗമായി. മാര്‍ക്ക് ടെയ്ലര്, ഇയാന്‍ ഹീലി, മാര്‍ക്ക് വോ, ഷെയ്ന് വോണ്‍, ജസ്റ്റിന് ലാംഗര്‍, മാത്യു ഹെയ്ഡന്, ഡാമിയന്‍ മാര്ട്ടിന്, ഗ്ലെന്‍ മഗ്രാത്ത്, റിക്കി പോണ്ടിംഗ് എന്നീ താരങ്ങളിലൂടെ ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ സന്പൂർണ ആധിപത്യത്തിനും വഴിതെളിച്ചു.
ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ മഹാന്മാരില് ഒരാളായിരുന്നു ബോബ് സിംപ്സണെന്ന് അദ്ദേഹത്തിന്റെ കളി കാണാന്‍ ഭാഗ്യമുള്ളവര്‍ക്ക് അതീവസങ്കടകരമായൊരു ദിവസമാണിതെന്ന്, ബോബ് സിംപ്സണിന്റെ വിയോഗവാർത്തയോട് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്മാന് മൈക്ക് ബെയര്‍ഡ് പ്രതികരിച്ചു.