രാഹുലിന്റെ വോട്ടർ അവകാശ യാത്രയ്ക്ക് ഇന്നു തുടക്കം
Sunday, August 17, 2025 1:49 AM IST
ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും തെരഞ്ഞെടുപ്പു കമ്മീഷൻ ബിഹാറിൽ നടത്തുന്ന വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധനയ്ക്കെതിരെയും (എസ്ഐആർ) ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അവകാശ യാത്രയ്ക്ക് ഇന്ന് തുടക്കം.
ബിഹാറിലെ സസാരമിൽനിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് റാലിയോടെ പട്നയിൽ സെപ്റ്റംബർ ഒന്നിനാണ് വിരാമമാകുക. ലോക്സഭ പ്രതിപക്ഷ നേതാവ് പതിനാല് ദിവസങ്ങളിലധികം യാത്രയുടെ ഭാഗമായി ബിഹാറിൽ ഉണ്ടാകുമെന്ന് മുൻ സംസ്ഥാന കോണ്ഗ്രസ് അധ്യക്ഷനായ അഖിലേഷ് പ്രസാദ് സിംഗ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബിഹാറിൽ ഇന്ത്യ മുന്നണിയിലെ പ്രധാന സഖ്യകക്ഷിയായ ആർജെഡിക്കൊപ്പം കൈകോർത്താണ് ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുലിന്റെ നേതൃത്തിലുള്ള വോട്ടർ അവകാശ യാത്ര.