ബിജെപി-ബിജെപി പോരിൽ റൂഡിക്ക് തിളക്കമാർന്ന ജയം
Thursday, August 14, 2025 3:50 AM IST
ന്യൂഡൽഹി: ബിജെപി സ്ഥാനാർഥിക്കെതിരേ ബിജെപി മത്സരിച്ച എംപിമാരുടെ ക്ലബ്ബിന്റെ വാശിയേറിയ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസടക്കം പ്രതിപക്ഷം പിന്തുണച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രാജീവ് പ്രതാപ് റൂഡിക്ക് ഉജ്വല വിജയം.
കേന്ദ്രമന്ത്രിമാരടക്കം ബിജെപി ഉന്നതർ പിന്തുണച്ച മുൻ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണ് ആണു കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി (അഡ്മിനിസ്ട്രേഷൻ) സ്ഥാനത്തേക്കു നടന്ന വോട്ടെടുപ്പിൽ പരാജയപ്പെട്ടത്.
പാർലമെന്റിനു കീഴിൽ ലോക്സഭാ സ്പീക്കർ പ്രസിഡന്റായുള്ള ഡൽഹിയിലെ എംപിമാരുടെ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയുടെ (സിസിഐ) 11 അംഗ ഭരണസമിതിയിലേക്ക് എൻ.കെ. പ്രേമചന്ദ്രൻ എംപി തെരഞ്ഞെടുക്കപ്പെട്ടു. ഭരണസമിതിയിലേക്കു നടന്ന കടുത്ത മത്സരത്തിൽ പോൾ ചെയ്ത 629 വോട്ടുകളിൽ 444 നേടിയാണ് കേരളത്തിൽനിന്നുള്ള ഏകാംഗമായ പ്രേമചന്ദ്രന്റെ ജയം. പ്രതിപക്ഷ പാർട്ടികളിൽനിന്നുള്ളവർ ഭൂരിപക്ഷമുള്ള റൂഡിയുടെ പാനലിലാണു വിജയിച്ചത്. ഭാരവാഹികളിൽ പലരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മത്സരം കടുത്തപ്പോൾ അമിത് ഷാ, ജെ.പി. നഡ്ഡ എന്നിവരുൾപ്പെടെ മുതിർന്ന കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസിലെ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ അടക്കമുള്ള പ്രമുഖരും വോട്ട് ചെയ്യാനെത്തിയിരുന്നു. സാധാരണ നൂറോളം അംഗങ്ങൾ വോട്ട് ചെയ്തിരുന്ന ക്ലബ്ബിന്റെ സെക്രട്ടറിതെരഞ്ഞെടുപ്പിൽ ഇത്തവണ 707 വോട്ടുകളാണ് രേഖപ്പെടുത്തിയത്. എംപിമാരും മുൻ എംപിമാരുമാണ് ക്ലബ്ബിലെ അംഗങ്ങൾ. അംഗത്വമെടുക്കുന്നതിന് ഫീസുണ്ട്.
രാജീവ് പ്രതാപ് റൂഡിയുടെ നേതൃത്വത്തിൽ 25 വർഷമായി തുടരുന്ന സിസിഐ ഭരണസമിതിയെ മാറ്റാൻ ബിജെപി ശക്തമായ കരുനീക്കം നടത്തിയിരുന്നു. കക്ഷിരാഷ്ട്രീയമില്ലെന്നു പറയുന്പോഴും യുപിയിൽനിന്നുള്ള ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബല്യാണിനുവേണ്ടി ബിജെപി നേതാവ് നിഷികാന്ത് ദുബെയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തി. കേന്ദ്രമന്ത്രിസഭയിൽനിന്നു കുറച്ചു വർഷങ്ങളായി ഒഴിവാക്കിയിരുന്ന റൂഡിയെയാണു സോണിയയും ഖാർഗെയും അടക്കമുള്ള പ്രതിപക്ഷം തുണച്ചത്. ഇന്നലെ പുലർച്ചെയാണു വോട്ടെണ്ണൽ പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിച്ചത്.
ലോക്സഭാ സ്പീക്കറാണ് സിസിഐ പ്രസിഡന്റ്. ഈ പദവിയിലേക്കു മത്സരമില്ല. മറ്റു ഭാരവാഹികൾ: രാജീവ് പ്രതാപ് റൂഡി (സെക്രട്ടറി- അഡ്മിനിസ്ട്രേഷൻ), തിരുച്ചി ശിവ (സെക്രട്ടറി- കൾച്ചർ), രാജീവ് ശുക്ല (സെക്രട്ടറി- സ്പോർട്സ്), എ.പി. ജീതേന്ദ്രർ റെഡ്ഢി (ട്രഷറർ). റൂഡിയൊഴികെ മൂന്നുപേർക്കും എതിരുണ്ടായില്ല. എക്സിക്യൂട്ടീവ് അംഗങ്ങൾ: നരേഷ് അഗർവാൾ, പ്രസൂണ്‍ ബാനർജി, ശ്രീരംഗ് അപ്പ ബർനെ, കെ.എൻ. സിംഗ് ദിയോ, പ്രദീപ് ഗാന്ധി, ജസ്ബീർ സിംഗ് ഗിൽ, ദീപേന്ദർ സിംഗ് ഹൂഡ, നവീൻ ജിൻഡൽ, എൻ.കെ. പ്രേമചന്ദ്രൻ, പ്രദീപ് കുമാർ വർമ, അക്ഷയ് യാദവ്.