ധർമസ്ഥല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷനും
Wednesday, August 13, 2025 1:51 AM IST
മംഗളൂരു: ധർമസ്ഥലയിൽ നിരവധി പേർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽനിന്നുള്ള നാലംഗ സംഘമെത്തി.
വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തുന്ന പ്രത്യേക അന്വേഷണസംഘത്തിൽനിന്നും പഞ്ചായത്ത്, പോലീസ് അധികൃതരിൽനിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു. സീനിയർ പോലീസ് സൂപ്രണ്ട് യുവരാജ്, ഡിവൈഎസ്പി രവി സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശുചീകരണ തൊഴിലാളികളുൾപ്പെടെയുള്ള നാട്ടുകാരിൽനിന്നും വിവരങ്ങൾ തേടി.
വനത്തിൽ പരിശോധനകൾ നടത്തുന്ന പ്രത്യേക അന്വേഷണസംഘം ഇന്നലെ ഭൂമിക്കടിയിലുള്ള വസ്തുക്കളുടെ വിവരങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന റഡാറുകൾ ഉപയോഗിച്ച് കൂടുതൽ പരിശോധനകൾ നടത്തി. പരാതിക്കാരന്റെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലാണ് അവർ ചൂണ്ടിക്കാണിച്ച ഇടങ്ങളിൽ പരിശോധന നടത്തുന്നത്.
ഈ പരിശോധനയിൽ മനുഷ്യശരീരാവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്ന ഇടങ്ങളിൽ കുഴിച്ച് പരിശോധന നടത്താനാണു തീരുമാനം.