വേന്പനാട്ടു കായലിനെ സംരക്ഷിക്കാൻ പദ്ധതി വേണം; പാർലമെന്റിൽ ആവശ്യപ്പെട്ട് ഫ്രാൻസിസ് ജോർജ്
Wednesday, August 13, 2025 1:51 AM IST
ന്യൂഡൽഹി : അനുദിനം തകർന്നുകൊണ്ടിരിക്കുന്ന കുട്ടനാടിനെയും വേന്പനാട്ടു കായലിനെയും സംരക്ഷിക്കുന്നതിന് വേന്പനാട് ലേക്ക് അഥോറിറ്റി രൂപീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി. ലോക്സഭയിൽ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതീവ ജൈവപ്രാധാന്യമുള്ളതും റാംസർ പട്ടികയിൽ ഉൾപ്പെട്ടതുമായ വേന്പനാട്ടു കായൽ പ്രദേശവും കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാടൻ പാടശേഖരങ്ങളും സംരക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
48000 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന പ്രതിവർഷം 1.96 ലക്ഷം ടണ് നെല്ല് ഉത്പാദിപ്പിക്കുന്ന കുട്ടനാടൻ പാടശേഖരങ്ങൾ സമുദ്രനിരപ്പിൽനിന്നു താഴ്ന്നുകിടക്കുന്നതും പ്രത്യേക ആവാസവ്യവസ്ഥയുള്ളതുമായ പ്രദേശമാണ്. അതിതീവ്രമഴയും വെള്ളപ്പൊക്കവും മൂലം ഈ പാടശേഖരങ്ങളുടെ പുറംബണ്ടുകൾ തകർന്നുകൊണ്ടിരിക്കുകയാണ്.
നിരന്തര വെള്ളപ്പൊക്കങ്ങൾ മൂലം വേന്പനാട്ട് കായലിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മാലിന്യങ്ങളും വേന്പനാട്ടു കായലിനെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. എക്കലും മാലിന്യങ്ങളും അടിഞ്ഞ് വേന്പനാട്ടു കായലിൽ വെള്ളം ഉൾക്കൊള്ളുന്നതിന്റെ അളവ് ക്രമാതീതമായി കുറഞ്ഞുവരുകയാണ്. ഇതുമൂലം കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരന്തരം വെള്ളപ്പൊക്കമുണ്ടാകുന്നു.
അതിനാൽ കോട്ടയം, ആലപ്പുഴ,എറണാകുളം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വേന്പനാട്ടുകായലിനെയും കുട്ടനാടിനെയും സംരക്ഷിക്കാൻ പ്രത്യേക പദ്ധതിയും ഫണ്ടും ആവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതോടൊപ്പം വേന്പനാട്ടു കായൽ പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനും തകർച്ചയിലായ നെൽവയൽ സംരക്ഷണ ബണ്ടുകളുടെ നിർമാണത്തിനും പ്രത്യേക പദ്ധതി ഉണ്ടാകണം. കർഷകരുടെ ഉപജീവനം സംരക്ഷിക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ കേരളസർക്കാർ കേന്ദ്രത്തിനു സമർപ്പിട്ടിട്ടുള്ള ‘വേന്പനാടിന്റെ ചതുപ്പ് മേഖലയുടെ പുനരുദ്ധാരണം - കുട്ടനാടൻ മേഖലയുടെ വെള്ളപ്പൊക്ക, ലവണാംശം നിയന്ത്രണം’ എന്ന പദ്ധതിക്ക് ആവശ്യമായ സാന്പത്തിക, സങ്കേതികസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.