നാരീശക്തി തിരിച്ചറിഞ്ഞ് ഡൽഹി തെരുവ്
Tuesday, August 12, 2025 3:13 AM IST
ന്യൂഡൽഹി: നാരീശക്തി തിരിച്ചറിഞ്ഞ് ഡൽഹി പാർലമെന്റ് സ്ട്രീറ്റ്. ബാരിക്കേഡിനു പിന്നിൽ എംപിമാരിൽ പലരും കുത്തിയിരുന്നു പ്രതിഷേധിച്ചപ്പോൾ പ്രതികൂല കാലാവസ്ഥ മറികടന്ന് ബാരിക്കേഡിനു മുകളിൽ ചാടിക്കയറിയാണു വനിതാ എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേയുള്ള പ്രതിഷേധത്തിന് ഇന്ത്യ മുന്നണിക്ക് ഊർജം പകർന്നത്. തൃണമൂൽ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി സുസ്മിത ദേവ് ആദ്യം ബാരിക്കേഡിനു മുകളിൽ വലിഞ്ഞുകയറി.
തുടർന്ന് മഹുവ മൊയ്ത്രയും മിതാലി ഭാഗും കോണ്‍ഗ്രസിന്റെ രാജസ്ഥാനിൽനിന്നുള്ള എംപി സഞ്ജന ജേതാവും ബാരിക്കേഡിനു മുകളിൽ കയറി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ഇവരെ പോലീസ് പിടിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെ തൃണമൂലിന്റെ സാഗരിക ഘോഷും കോണ്‍ഗ്രസ് എംപി ജ്യോതിമണിയും ബാരിക്കേഡിനു മുകളിലെത്തി മുദ്രാവാക്യം വിളിച്ചു.
മറ്റ് എംപിമാരെ വനിതാ പോലീസ് താഴെയിറക്കിയെങ്കിലും മിതാലി ബാഗ് ഇറങ്ങാൻ തയാറായില്ല. ഇതോടെ പോലീസ് ഇവരെ ബാരിക്കേഡിനു മുകളിൽനിന്നും വലിച്ചു താഴെയിടുകയായിരുന്നു. തുടർന്നാണ് അവർക്കു ദേഹാസ്വാസ്ഥ്യമുണ്ടായത്.
ബാരിക്കേഡിനു മുകളിൽ കയറി വനിതാ എംപിമാർ പ്രതിഷേധിച്ചപ്പോൾ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മറ്റ് എംപിമാർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. പോലീസ് സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന വഴിയിൽ ബസിനുള്ളിലും മുദ്രാവാക്യങ്ങൾ മുഴക്കി വനിതാ എംപിമാർ പ്രതിഷേധത്തിന് ആവേശം പകർന്നു.