ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ വൈദികർക്കു പ്രവേശനം നിരോധിക്കണമെന്ന് ഹിന്ദു സംഘടന
Sunday, August 10, 2025 2:16 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്നു ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുസംഘടനയായ സനാതൻ സാമാജ് സംസ്ഥാനസർക്കാരിനു നിവേദനം നൽകി.
ഗോത്രഗ്രാമങ്ങളിൽ അനധികൃതമായി നിർമിച്ച പള്ളികൾ തകർക്കണമെന്നും പ്രദേശങ്ങളിലെ ക്രിസ്ത്യൻ ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റു സേവനങ്ങളും നിരോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
ക്രൈസ്തവർക്കു മൃതസംസ്കാരത്തിനായി സ്ഥലം അനുവദിക്കരുതെന്നും ദുർഗ് റെയിൽവേ സ്റ്റേഷൻ വഴി പെൺകുട്ടികളെ കടത്താനെത്തിയ കന്യാസ്ത്രീമാർക്കെതിരേ ശക്തമായ നിയമനടപടി വേണമെന്നും കന്യാസ്ത്രീമാരെ തടഞ്ഞതിന്റെ പേരിൽ ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരേ നടപടി പാടില്ലെന്നും നിവേദനത്തിൽ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സർക്കാരും ഭരണകക്ഷിയും സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷത്തെ വ്യാജ ആരോപണങ്ങൾ നിരത്തി വേട്ടയാടുകയാണെന്ന് പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് കോ-ഓർഡിനേറ്റർ പാസ്റ്റർ സൈമൺ ദിഗ്ബാൽ ടാൻഡി പറഞ്ഞു.
സംസ്ഥാനത്തെ ക്രൈസ്തവരുടെ ജീവനും സ്വത്തുവകകളും ഭീഷണിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.