റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് താത്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്
Saturday, August 9, 2025 2:28 AM IST
ന്യൂഡൽഹി: ഇന്ത്യയ്ക്കുമേലുള്ള ഇറക്കുമതി തീരുവ അമേരിക്ക ഇരട്ടിയാക്കിയതിനു പിന്നാലെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ താത്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്.
റഷ്യൻ എണ്ണ വാങ്ങേണ്ടതില്ലെന്നു പൊതുമേഖലാ എണ്ണക്കന്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്നിലേറെ റഷ്യയിൽനിന്നാണ്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതാണു ട്രംപിനെ പ്രകോപിപ്പിച്ചത്. ഇന്ത്യക്കുമേൽ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ ഈ മാസം 27ന് പ്രാബല്യത്തിലാകും
അമേരിക്കയുമായി ചർച്ചയ്ക്കുള്ള സാധ്യത തുറന്നിടുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണു സൂചന. അമേരിക്കയുടെ ആവശ്യപ്രകാരം കാർഷിക, ക്ഷീരമേഖലകളിൽ പരിമിതമായി ഇളവു നൽകാൻ ഇന്ത്യ തയാറായേക്കും. ഇന്ത്യയിലെ കർഷകരെ ദോഷകരമായി ബാധിക്കാത്ത രീതിയിലായിരിക്കും ഇളവുകൾ.
അതേസമയം, ഇന്ത്യൻ കന്പനികൾ റഷ്യയിൽനിന്നു വൻതോതിൽ എണ്ണ വാങ്ങുന്നുണ്ടെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. എണ്ണ വാങ്ങുന്നതിൽ നേരിയ കുറവുണ്ടായെന്നും ടാസ് റിപ്പോർട്ട് ചെയ്യുന്നു.
മോദി-പുടിൻ ആശയവിനിമയം
ന്യൂഡൽഹി: സവിശേഷ നിലയിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ആഴത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിനും തമ്മിലുള്ള സംഭാഷണത്തിൽ ധാരണ.
യുക്രെയ്നുമായുള്ള സംഘർഷത്തെക്കുറിച്ച് ടെലിഫോൺ സംഭാഷണത്തിൽ പുടിൻ നിലപാട് വിശദീകരിച്ചു. പ്രശ്നത്തിനു സമാധാനപരമായ പരിഹാരം വേണമെന്ന നിലപാട് മോദിയും ആവർത്തിച്ചു.
റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ യുഎസ് പ്രസിഡന്റ് അതിശക്തമായി എതിർക്കുന്നതിനിടെയാണ് ഇരുനേതാക്കളുടെയും ഫോൺ സംഭാഷണം. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെതിരേ 25 ശതമാനം അധികനികുതി ഈടാക്കാനുള്ള ഉത്തരവിൽ ബുധനാഴ്ചയാണ് ഡോണൾഡ് ട്രം ഒപ്പിട്ടത്. അടുത്തമാസം 27 മുതൽ ഇന്ത്യൻ കയറ്റുമതിക്കാർ ഇതോടെ 50 ശതമാനം തീരുവ നൽകേണ്ടിവരും.