ബഹളത്തിനിടെ ബില്ലുകൾ പാസാക്കി
Thursday, August 7, 2025 2:24 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരേയുള്ള പ്രതിപക്ഷ ബഹളത്തിനിടെ പാർലമെന്റിലെ ജനാധിപത്യസ്വഭാവം ഉപേക്ഷിച്ച് ബില്ലുകൾ ചർച്ചയില്ലാതെ ഗില്ലറ്റിൻ ചെയ്തു പാസാക്കുന്ന സർക്കാർ നടപടി തുടരുന്നു.
ലോക്സഭയിൽ മർച്ചന്റ് ഷിപ്പിംഗ് ബിൽ- 2024, രാജ്യസഭയിൽ കടൽ വഴി സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള കാര്യേജ് ഓഫ് ഗുഡ്സ് ബൈ സീ ബിൽ- 2025 എന്നിവ ചർച്ചകൂടാതെ മിനിറ്റുകൾക്കുള്ളിൽ പാസാക്കി.
ബിഹാറിലെ വോട്ടർപട്ടിക വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലും തെരഞ്ഞെടുപ്പു കമ്മീഷൻ സ്വയംഭരണ ഭരണഘടനാ സ്ഥാപനമായതിനാലും പാർലമെന്റിൽ ചർച്ച ചെയ്യാൻ കഴിയില്ലെന്നു പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു പറഞ്ഞു.
എന്നാൽ, ഇംപീച്ച്മെന്റ് പ്രമേയത്തിന്മേൽ അല്ലാതെ സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നടപടി സംബന്ധിച്ച വിഷയം ഒഴികെ രാജ്യത്തെ ഏതു വിഷയവും ചർച്ച ചെയ്യാമെന്ന് രാജ്യസഭയുടെ മുൻ അധ്യക്ഷൻ ജഗ്ദീപ് ധൻകറുടെ റൂളിംഗ് ഉണ്ടെന്നും ബിഹാർ വോട്ടർപട്ടിക ചർച്ച ചെയ്യണമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപാധ്യക്ഷൻ ഹരിവൻഷിന് ഖാർഗെ ഇന്നലെ രേഖാമൂലം കത്ത് നൽകി.
ഇന്നലെ രാവിലെ 11ന് ലോക്സഭയും രാജ്യസഭയും സമ്മേളിച്ചയുടൻ ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യമുയർത്തിയെങ്കി ലും സർക്കാർ വഴങ്ങിയില്ല. പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങിയതോടെ ലോക്സഭ ഉച്ചയ്ക്ക് 12 വരെയും രാജ്യസഭ ഉച്ചകഴിഞ്ഞ് രണ്ടുവരെയും നിർത്തിവച്ചു.
സഭ വീണ്ടും സമ്മേളിച്ചപ്പോഴും ബിഹാർ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസുകൾക്ക് അനുമതി നിഷേധിച്ചതായി അധ്യക്ഷന്മാർ അറിയിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ മുദ്രാവാക്യംവിളികൾ തുടർന്നെങ്കിലും സർക്കാർ ഞൊടിയിടകൊണ്ടു ബില്ല് പാസാക്കി പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചൊവ്വാഴ്ച ഗോവയിലെ പട്ടികവർഗ നിയമസഭാ മണ്ഡലങ്ങളുടെ പ്രാതിനിധ്യ പുനഃക്രമീകരണ ബിൽ ഗില്ലറ്റിൻ ചെയ്തു പാസാക്കിയിരുന്നു.
രാജ്യസഭ ഉച്ചകഴിഞ്ഞു ചേർന്നപ്പോൾ മണിപ്പുരിന്റെ ബജറ്റ് ചെലവു സംബന്ധിച്ച പ്രസ്താവന ധനമന്ത്രി നിർമല സീതാരാമൻ സഭയുടെ മേശപ്പുറത്തു വച്ചു. ഇതിനിടെ, പ്രതിപക്ഷത്തോടുള്ള സമീപനം അന്യായമാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
സഭാ ചട്ടങ്ങൾ എല്ലാവർക്കും ഒരുപോലെയായിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ക്രമപ്രശ്നം ഉന്നയിക്കാൻപോലും അനുവദിക്കാത്തതു തികച്ചും അന്യായമാണ്. എന്നാൽ, സഭയിൽ കുഴപ്പമുണ്ടാക്കുന്നവർക്ക് പോയിന്റ് ഓഫ് ഓർഡർ സംബന്ധിച്ചു സംസാരിക്കാൻ അവകാശമില്ലെന്നായിരുന്നു രാജ്യസഭാ നേതാവുകൂടിയായ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ പ്രതികരണം. പ്രതിപക്ഷം ചെയ്യുന്നതാണ് അന്യായമെന്നും മന്ത്രി പറഞ്ഞു.
സഭാധ്യക്ഷന്മാരുടേതു തുടർച്ചയുള്ള പദവിയാണെന്നും മുൻ അധ്യക്ഷൻ ധൻകറുടെ റൂളിംഗ് അനുസരിച്ച് ബിഹാർ വോട്ടർപട്ടിക പരിഷ്കരണം ചർച്ച ചെയ്യുന്നതിന് തടസമില്ലെന്നും പിന്നീട് ഉപാധ്യക്ഷൻ ഹരിവൻഷിന് അയച്ച കത്തിൽ ഖാർഗെ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ആവശ്യം ന്യായമാണെന്നു ചൂണ്ടിക്കാട്ടുന്ന നാലു കാര്യങ്ങൾ കത്തിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്.