‘കർത്തവ്യ ഭവൻ’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Thursday, August 7, 2025 2:24 AM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരവും മറ്റു മന്ത്രാലയങ്ങളും ഉൾപ്പെടുന്ന സെൻട്രൽ വിസ്തയുടെ ഭാഗമായി നിർമിച്ച കോമണ് സെൻട്രൽ സെക്രട്ടേറിയറ്റിന്റെ മൂന്നാം ബ്ലോക്ക് ‘കർത്തവ്യ ഭവൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പെട്രോളിയം മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിന്റെ ഓഫീസ് തുടങ്ങിവയവ ഉൾപ്പെടുന്ന ബ്ലോക്കാണ് കർത്തവ്യ ഭവൻ. ശാസ്ത്രി ഭവൻ, കൃഷി ഭവൻ, ഉദ്യോഗ് ഭവൻ, നിർമാണ് ഭവൻ തുടങ്ങി ഡൽഹിയിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന വിവിധ മന്ത്രാലയങ്ങൾ ഇവിടെ ഏകോപിപ്പിക്കും.
രണ്ടു ബേസ്മെന്റുകളിൽ ഏഴു നിലകളിലായി 1.5 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അത്യാധുനിക ഓഫീസ് സമുച്ചയമാണു കർത്തവ്യ ഭവൻ. ജീവനക്കാർക്ക് മികച്ച അടിസ്ഥാനസൗകര്യം, കൂടുതൽ കാര്യക്ഷമത, മെച്ചപ്പെട്ട ജോലിസാഹചര്യം തുടങ്ങിയവയാണ് പുതിയ കെട്ടിടംകൊണ്ടു കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഓഫീസ് സമുച്ചയത്തിന്റെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനൽ ഉപയോഗിച്ച് 5.34 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും.
വിവിധ മന്ത്രാലയങ്ങൾ ഉൾപ്പെടുത്തി പത്തു കെട്ടിടങ്ങൾ നിർമിക്കുന്നതിനാണ് കേന്ദ്രസർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. പത്തു കെട്ടിടങ്ങളും 22 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണു ശ്രമം. നിലവിൽ മന്ത്രാലയങ്ങൾ സ്ഥിതിചെയ്യുന്ന ശാസ്ത്രി ഭവൻ, കൃഷി ഭവൻ, നിർമാണ് ഭവൻ, ഉദ്യോഗ് ഭവൻ എന്നിവ നാലു മാസത്തിനുള്ളിൽ പൊളിക്കൽ ആരംഭിക്കും. ഇവിടെയുള്ള മന്ത്രാലയങ്ങൾ ഉടൻ പുതിയ കെട്ടിടങ്ങളിലേക്കു മാറും. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ അഭിമാനപദ്ധതിയായ സെൻട്രൽ വിസ്തയുടെ നിർമാണം 2019ലാണ് ആരംഭിച്ചത്. പുതിയ പാർലമെന്റ് മന്ദിരം, വൈസ് പ്രസിഡന്റിന്റെ വസതി തുടങ്ങിയവ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
സെൻട്രൽ വിസ്തയുടെ ഭാഗമായി 2022 ൽ ഇന്ത്യാ ഗേറ്റ് മുതൽ വിജയ് ചൗക്ക് വരെയുള്ള പാത നവീകരിക്കുകയും ചെയ്തു. 2024 ൽ പണി പൂർത്തിയാക്കാൻ പദ്ധതിയിട്ടെങ്കിലും 88 ശതമാനത്തോളമാണ് ഇതുവരെ പൂർത്തിയായത്.