ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഷിൻഡെയുടെ പിന്തുണ എൻഡിഎയ്ക്ക്
Thursday, August 7, 2025 2:24 AM IST
ന്യൂഡൽഹി: അടുത്തമാസം ഒന്പതിനു നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സ്ഥാനാർഥിക്കു നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ശിവസേന ഷിൻഡെ വിഭാഗം.
ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ചശേഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്.
മഹാരാഷ്ട്ര തദ്ദേശതെരഞ്ഞെടുപ്പിലും ബിജെപിയും ശിവസേനയും എൻസിപിയും അടങ്ങുന്ന മഹായുതി സഖ്യം തുടരും.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള അഭിപ്രായ ഭിന്നത മൂലമാണ് അടിക്കടി ഡൽഹി സന്ദർശിക്കുന്നതെന്ന ആരോപണം ഷിൻഡെ തള്ളി. ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസമില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് കൂടുതൽ യോജിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.