ഓപ്പറേഷൻ സിന്ദൂർ: സൈന്യത്തെ പ്രശംസിച്ച് എൻഡിഎ യോഗം
Wednesday, August 6, 2025 1:39 AM IST
ന്യൂഡൽഹി: സൈന്യത്തിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുന്ന പ്രമേയം പാസാക്കി എൻഡിഎ പാർലമെന്ററി പാർട്ടി യോഗം.
പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂറിലും ഓപ്പറേഷൻ മഹാദേവിലും സായുധസേനയുടെ അതുല്യമായ ധൈര്യത്തെയും പ്രതിബദ്ധതയെയും അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രമേയത്തിൽ വ്യക്തമാക്കി.
യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. ബിജെപി, സഖ്യകക്ഷികളായ തെലുങ്കുദേശം പാർട്ടി (ടിഡിപി), ജനതാദൾ യുണൈറ്റഡ് (ജെഡിയു) തുടങ്ങിയ പാർട്ടികളിലെ എംപിമാർ യോഗത്തിൽ പങ്കെടുത്തു.
2024 ജൂണിൽ മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം പാർലമെന്റ് സമ്മേളനത്തിനിടെ ബിജെപി നേതൃത്വത്തിലുള്ള ഭരണസഖ്യത്തിലെ എംപിമാർ രണ്ടാം തവണയാണു യോഗം ചേരുന്നത്. കാഷ്മീരിലെ സ്ഥിതിഗതികളും യോഗം ചർച്ച ചെയ്തു.