റെയിൽവേ ട്രാക്കിൽ സ്ഫോടനം; റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു
Monday, August 4, 2025 3:38 AM IST
ഭുവനേശ്വർ: ഒഡീഷയിൽ റെയിൽവേ ട്രാക്കിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇടുവ ഒറാം ആണ് കൊല്ലപ്പെട്ടത്. ഒഡീഷ-ജാർഖണ്ഡ് അതിർത്തിയിലെ സുന്ദർഗഡ് ജില്ലയിലായിരുന്നു സ്ഫോടനം. റെയിൽവേയിൽ കീ മാൻ ആയി ജോലി ചെയ്യുകയായിരുന്നു ഒറാം.
സ്ഫോടനത്തിനു പിന്നിൽ മാവോയിസ്റ്റുകളാണെന്നാണു പോലീസ് സംശയിക്കുന്നത്. സ്ഫോടനം നടന്ന സ്ഥലത്തിനു സമീപം മാവോയിസ്റ്റുകളുടെ പോസ്റ്റർ കണ്ടെത്തിയിരുന്നു. ബിമലഗഡ് സെക്ഷനിൽ നടന്ന സ്ഫോടനത്തിൽ ട്രാക്കുകൾക്ക് നേരിയ കേടുപാടുണ്ടായി. അതേസമയം, ട്രെയിൻ ഗതാഗതത്തെ ഇതു ബാധിച്ചില്ല.
കൊല്ലപ്പെട്ട ഇടുവ ഒറാമിന്റെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പത്തു ലക്ഷം രൂപ ധനസഹാം പ്രഖ്യാപിച്ചു.