എഫ്ഐആർ റദ്ദാക്കണം: സിബിസിഐ
Sunday, August 3, 2025 2:26 AM IST
ന്യൂഡൽഹി: വ്യാജ കേസെടുത്തു ജയിലിലടച്ച കന്യാസ്ത്രീമാർ മോചിതരായതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ അവർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള തെറ്റായ എഫ്ഐആർ ഉടൻ റദ്ദാക്കണമെന്നും ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ).
ന്യൂനപക്ഷ വിഭാഗങ്ങളെ പീഡിപ്പിക്കാനും അപമാനിക്കാനും പതിവായി ദുരുപയോഗിക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങൾ റദ്ദു ചെയ്യണമെന്നും സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മനുഷ്യക്കടത്ത്, മതപരിവർത്തനം തുടങ്ങിയ വകുപ്പുകൾ ചുമത്തി എൻഐഎ കോടതിയിലേക്ക് കേസ് വിട്ട നടപടിയിൽ അങ്ങേയറ്റം അതൃപ്തിയും പ്രതിഷേധവുമുണ്ട്. കന്യാസ്ത്രീമാരുടെ മോചനത്തിനു സഹായിച്ച സർക്കാരുകളും രാഷ്ട്രീയനേതാക്കളുമടക്കം എല്ലാവരോടും കത്തോലിക്കാ സഭയ്ക്കു നന്ദിയുണ്ടെന്ന് പത്രസമ്മേളനത്തിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ പറഞ്ഞു.