നീതിരാഹിത്യം, ഭരണഘടനാവിരുദ്ധം: മാർ പ്രിൻസ് പാണേങ്ങാടൻ
Saturday, August 2, 2025 1:50 AM IST
ഹൈദരാബാദ്: ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീമാരെ അന്യായമായി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ഹൈദരാബാദിൽ ജനരോഷമിരമ്പി.
ഐക്യ ക്രിസ്ത്യൻ വേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. സ്ത്രീത്വത്തിനുപോലും വിലകൽപിക്കാതെ കന്യാസ്ത്രീമാരോടും യുവതികളോടും കാണിച്ച നീതിരാഹിത്യം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിഷേധയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഷംഷാബാദ് ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ പറഞ്ഞു.
ഭരണഘടന ഓരോ പൗരനും നൽകിയിരിക്കുന്ന അടിസ്ഥാന അവകാശങ്ങളുടെമേൽ ആസൂത്രിതമായി നടത്തപ്പെടുന്ന കടന്നുകയറ്റം അംഗീകരിക്കാനാവില്ല.
നിരപരാധികളായ കന്യാസ്ത്രീമാരെ ഉടൻ വിട്ടയയ്ക്കണമെന്നും അവരുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റം പിൻവലിച്ച് കേസ് റദ്ദാക്കണമെന്നും മാർ പ്രിൻസ് പാണേങ്ങാടൻ ആവശ്യപ്പെട്ടു. വികാരിജനറാൾ റവ. ഡോ. ഏബ്രഹാം പാലത്തിങ്കൽ പ്രസംഗിച്ചു.