നീറ്റ് യുജിക്കെതിരേ പരാതി: ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം
Saturday, August 2, 2025 1:50 AM IST
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് യുജി- 2025 ൽ പിഴവ് ആരോപിച്ചുള്ള ഹർജി സുപ്രീംകോടതി നിരാകരിച്ചു. ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാനും ഹർജിക്കാരനോടു ജസ്റ്റീസ് പി.എസ്. നരസിംഹയും ജസ്റ്റീസ് എ.എസ്. ചന്ദോർകറും അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ എംബിബിഎസ്, ബിഡിഎസ്, ആയുഷ് ഉൾപ്പെടെ കോഴ്സുകളിലെ പ്രവേശനപരീക്ഷയിൽ മൂന്നു ചോദ്യങ്ങൾ തെറ്റായിരുന്നു എന്നാണ് ആരോപണം. രണ്ട് വിദഗ്ധർ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും തെറ്റായ ചോദ്യം ഉൾപ്പെടുത്തിയതിനാൽ 13 മാർക്ക് നഷ്ടമായെന്നും ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ ഹർജി പിൻവലിച്ച് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം.