3000 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പ്; അനിൽ അംബാനിക്ക് ഇഡി സമൻസ്
Saturday, August 2, 2025 1:50 AM IST
ന്യൂഡൽഹി: മൂവായിരം കോടി രൂപയുടെ ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് ഇഡി സമൻസ്.
ചോദ്യംചെയ്യലിന് അടുത്ത ചൊവ്വാഴ്ച ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായി 66 കാരനായ അനിലിനെതിരേ ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.
അനിൽ അംബാനിയുടെ കന്പനിയിലെ ഏതാനും ഉന്നതരെയും ചോദ്യംചെയ്യും. കഴിഞ്ഞയാഴ്ച അനിൽ അംബാനിയുമായി ബന്ധപ്പെട്ട 35 കേന്ദ്രങ്ങളിലും 50 കന്പനികളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. 25 ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുകയും ചെയ്തു. കഴിഞ്ഞ 24ന് തുടങ്ങിയ പരിശോധനകൾ മൂന്നുദിവസം നീണ്ടു.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെ വിവിധ കന്പനികളിലായുള്ള 17,000 കോടിയിലധികം രൂപയുടെ വായ്പകളിലാണ് ക്രമക്കേട്. സിഎൽഇ എന്ന കന്പനി വഴി റിലയൻസ് ഗ്രൂപ്പ് കന്പനികളിലേക്ക് റിലയൻസ് ഇൻഫ്രയുടെ തുക വകമാറ്റിയെന്ന സെബി റിപ്പോർട്ട് ഉൾപ്പെടെ കണക്കിലെടുത്താണ് ഇഡി നടപടി.