ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ‘ഉള്ളൊഴുക്ക്’ മികച്ച മലയാളം ചിത്രം
Saturday, August 2, 2025 2:48 AM IST
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാളം ചിത്രത്തിനുള്ള പുരസ്കാരം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ നേടി. ഇതേ സിനിമയിലെ അഭിനയത്തിന് ഉർവശിക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ വിജയരാഘവന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള ദേശീയ പുരസ്കാരം പങ്കിട്ടു. ‘ജവാനി’ലെ പ്രകടനമാണു ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. ‘ട്വൽത്ത് ഫെയിൽ’എന്ന ഹിന്ദി സിനിമയാണു വിക്രാന്ത് മാസിയെ പുരസ്കാരത്തിന് അർഹനാക്കിയത്.
‘മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ’എന്ന സിനിമയിലെ അഭിനയത്തിന് റാണി മുഖർജിക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം. മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനൊപ്പം മുത്തുപേട്ടൈ സോമു ഭാസ്കറും (തമിഴ് ചിത്രം പാര്‍ക്കിംഗ്) പങ്കുവച്ചപ്പോള്‍ മികച്ച സഹനടിക്കുള്ള പുരസ്കാരം ഉര്‍വശി പങ്കുവച്ചത് ജാന്‍കി ബോഡിവാലയുമായാണ് (ഗുജറാത്തി ചിത്രം വഷ്).
വിവാദ സിനിമ ‘കേരള സ്റ്റോറി’ സംവിധാനം ചെയ്ത സുദിപ്തോ സെൻ ആണു മികച്ച സംവിധായകൻ. വിധു വിനോദ് ചോപ്രയൊരുക്കിയ ‘ട്വൽത്ത് ഫെയി’ലാണു മികച്ച ചിത്രം. മികച്ച ജനപ്രിയ സിനിമ ‘കരണ്‍ ജോഹർ’ സംവിധാനം ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനിയ്ക്കു ലഭിച്ചു.
എഡിറ്റിംഗ്, പ്രൊഡക്ഷൻ, ഡിസൈനർ ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് മലയാള സിനിമകൾ ഇത്തവണ നേടിയത്. ‘പൂക്കളം’ സിനിമയുടെ എഡിറ്റർ മിഥുൻ മുരളിയാണ് മികച്ച എഡിറ്റർ. കേരളം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ജൂഡ് ആന്റണി ജോസഫ് ചിത്രം ‘2018’ ലെ വര്‍ക്കിന് മോഹന്ദാസിനാണു മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരം.
നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ എം.കെ. ഹരിദാസ് നിര്‍മിച്ചു സംവിധാനം ചെയ്ത ‘നെകല്: ക്രോണിക്കിള്‍ ഓഫ് ദ പാഡി മാന്‍’ എന്ന ചിത്രം പ്രത്യേക പരാമര്‍ശം നേടി. മറുഭാഷാ ചിത്രങ്ങളിലെ സാങ്കേതിക വിഭാഗത്തിലും മലയാളികള്‍ക്ക് പുരസ്കാരങ്ങളുണ്ട്.
ഹിന്ദി ചിത്രം അനിമലിലെ വര്‍ക്കിന് മികച്ച സൗണ്ട് ഡിസൈനിനുള്ള പുരസ്കാരം മലയാളികളായ സച്ചിന് സുധാകരനും ഹരിഹരന് മുരളീധരനും ലഭിച്ചു. അനിമലിലെതന്നെ വര്‍ക്കിന് എം. ആര്. രാജാകൃഷ്ണനും മികച്ച റീ റെക്കോര്‍ഡിംഗ് മിക്സര്‍ക്കുള്ള പ്രത്യേക പരാമര്‍ശം നേടി. ‘കേരള സ്റ്റോറി’ മികച്ച ഛായഗ്രഹണത്തിനുള്ള പുരസ്കാരവും നേടി.