നിസാര്‍ ദൗത്യം നിര്‍ണായക ഘട്ടത്തിൽ: നാസ
Saturday, August 2, 2025 1:50 AM IST
ചെന്നൈ: നിസാര്‍ ദൗത്യം നിര്‍ണായക ഘട്ടത്തിലേക്കു പ്രവേശിച്ചതായി നാസ. 90 ദിവസത്തെ കമ്മീഷനിംഗ് ഘട്ടത്തിലേക്കാണ് ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ പ്രവേശിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ 737 കിലോമീറ്റര്‍ ഉയരത്തിലുള്ള നിസാര്‍ 747 കിലോമീറ്ററിലേക്ക് ഉയർത്തും.
കര്‍ശനമായ പരിശോധനകള്‍, കാലിബ്രേഷനുകള്‍ എന്നിവ നടത്തി റെഡാറുകള്‍ സജീവമാക്കുമെന്ന് നാസയുടെ എര്‍ത്ത് സയന്‍സസ് ഡിവിഷൻ പ്രോഗ്രാം മാനേജര്‍ ജെറാള്‍ഡ് ഡബ്ല്യു. ബോവ്ഡന്‍ പറഞ്ഞു. ഇതോടെ ഭൂമിയിയിൽനിന്നുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും.
ജൂലൈ 30നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നു നിസാർ വിക്ഷേപിച്ചത്. നാസയും ഐഎസ്ആര്‍ഒയും വികസിപ്പിച്ച രണ്ടു വ്യത്യസ്ത ആവൃത്തികളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ റെഡാറുകളാണ് 2,392 കിലോഗ്രാം ഭാരമുള്ള നിസാറിന്റെ സവിശേഷത.
12 ദിവസത്തെ ഇടവേളകളില്‍ ഭൂമിയിലെ ഓരോ സ്ഥലത്തിന്റെയും ഏറ്റവും വ്യക്തമായ വിവരങ്ങള്‍ രാപകല്‍ ഭേദമന്യേ ശേഖരിക്കാന്‍ ഇതിനാവും. ഭൂമിയിലെ ചെറിയ കാര്യങ്ങള്‍ വരെ ഇതു കണ്ടെത്തും. ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിച്ച നിസാറിന്റെ ദൗത്യ ആയുസ് അഞ്ചു വര്‍ഷമാണ്.