കാർഷികരംഗത്തെ പ്രതിസന്ധി ; കേന്ദ്രസംഘം എത്തും
Saturday, August 2, 2025 1:50 AM IST
ന്യൂഡൽഹി: കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്രസർക്കാർ ഇടപെടുമെന്നും സത്വര നടപടികൾ അടിയന്തരമായി കൈക്കൊള്ളുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാർ കേരള നിവേദകസംഘത്തിന് ഉറപ്പു നൽകി.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, കർഷകപഠന സംഘാംഗങ്ങളായ കുമ്മനം രാജശേഖരൻ, വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ, കർഷക മോർച്ച പ്രസിഡന്റ് ഷാജി രാഘവൻ തുടങ്ങിയവരാണ് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഭക്ഷ്യമന്ത്രി പ്രഹ്ളാദ് ജോഷി, ഫിഷറീസ്മന്ത്രി രാജീവ് രഞ്ജൻ സിംഗ്, ജലശക്തിമന്ത്രി സി.ആർ. പാട്ടീൽ എന്നിവരെ കണ്ട് നിവേദനം നൽകിയത്.
കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ ഉണ്ടായിട്ടുള്ള കാർഷിക പ്രതിസന്ധിയെക്കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിന് വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കുമെന്ന് കേന്ദ്രമന്ത്രിമാർ അറിയിച്ചു. ദീർഘനാളായി സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കിട്ടാത്തതും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കർഷകപ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങളും ആശ്വാസ ക്ഷേമ നടപടികളും വരുമാന പദ്ധതികളും കണ്ടെത്തുന്നതിനും ശിപാർശകൾ സമർപ്പിക്കുന്നതിനും വിദഗ്ധ സംഘങ്ങൾ കർഷകരെയും കാർഷിക ശാസ്ത്രജ്ഞരെയും സർക്കാർ അധികൃതരെയും ബന്ധപ്പെട്ടവരെയും കണ്ട് വിവരങ്ങൾ ശേഖരിക്കും. കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സംബന്ധിച്ച ശിപാർശകൾ കേന്ദ്രസർക്കാരിന് സമർപ്പിക്കുകയാണ് കേന്ദ്ര വിദഗ്ധ സംഘങ്ങളുടെ ലക്ഷ്യം
കേന്ദ്രത്തിന്റെ ധനധാന്യ പദ്ധതിയിൽ കേരളത്തിലെ ജില്ലകളെ ഉൾപ്പെടുത്തുക, തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയിലേക്കും വ്യാപിപ്പിക്കുക, ഗ്രേറ്റർ കുട്ടനാട് വികസന അഥോറിറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും കൃഷിമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഉന്നയിച്ചു.