രാഷ്ട്രീയഭേദമെന്യേ കന്യാസ്ത്രീകൾക്കു കേരളത്തിന്റെ സാന്ത്വനം
Saturday, August 2, 2025 1:50 AM IST
ദുർഗ്: ഛത്തീസ്ഗഡിലെ ദുർഗ് സെൻട്രൽ ജയിലിൽ കഴിഞ്ഞ എട്ടു ദിവസമായി കഴിയുന്ന മലയാളികന്യാസ്ത്രീകൾക്കു കക്ഷിരാഷ്ട്രീയ ഭേദമെന്യേ കേരളത്തിന്റെ സാന്ത്വനം.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതിയും സി.എസ്. സുജാതയും ഇന്നലെ രാവിലെ കന്യാസ്ത്രീകളെ സന്ദർശിച്ചപ്പോൾ കോൺഗ്രസ് എംപിമാരായ ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, ഹൈബി ഈഡൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഇന്നലെ ഉച്ചയോടെ ജയിലിലെത്തി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവരും കന്യാസ്ത്രീകളെ സന്ദർശിച്ചു.
എൽഡിഎഫ് എംപിമാരായ ജോസ് കെ. മാണിയും ജോൺ ബ്രിട്ടാസും പി. സന്തോഷ് കുമാറും ദുർഗ് സെൻട്രൽ ജയിലിൽ എത്തിയെങ്കിലും സമയം കഴിഞ്ഞതിനാൽ കന്യാസ്ത്രീമാരെ കാണാൻ അനുവാദം ലഭിച്ചില്ല.
ജയിൽ സന്ദർശനസമയം രാവിലെ പത്തുമുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയായതിനാൽ ഇന്ന് അനുവദനീയമായ സമയത്തിനുള്ളിൽ സിസ്റ്റർമാരെ സന്ദർശിക്കാനാണു ഇരുവരുടെയും തീരുമാനം.
ഛത്തീസ്ഗഡിൽ ആതുര-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലയിൽ ക്രൈസ്തവസഭകൾ നൽകുന്ന സേവനങ്ങൾ മറന്നുകൊണ്ടാണ് സന്യാസിനികൾക്കെതിരേ നിർബന്ധിത മതപരിവർത്തനം പോലുള്ള തീവ്ര ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്നതുവരെ പോരാടുമെന്നും സിസ്റ്റർ മെറിൻ, സിസ്റ്റർ ക്രിസ്റ്റി എന്നിവരെ സന്ദർശിച്ചതിനുശേഷം എൽഡിഎഫ് എംപിമാർ പ്രതികരിച്ചു.