മാലേഗാവ് സ്ഫോടനക്കേസ് ; പ്രജ്ഞാ സിംഗ് ഠാക്കൂർ ഉൾപ്പെടെ ഏഴു പ്രതികളെ വെറുതേ വിട്ടു
Friday, August 1, 2025 1:49 AM IST
മുംബൈ: പതിനേഴു വർഷം മുന്പ് വടക്കൻ മഹാരാഷ്ട്രയിലെ മാലേഗാവ് പട്ടണത്തിൽ ആറു പേരുടെ ജീവനെടുത്ത സ്ഫോടനത്തിലെ ഏഴു പ്രതികളെയും പ്രത്യേക കോടതി വെറുതേ വിട്ടു.
മുൻ ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവർ ഉൾപ്പെടെയുള്ളവരെയാണ് വിശ്വാസയോഗ്യവും ശക്തവുമായ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടത്.
ഭീകരതയ്ക്കു മതമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, കേവലം ധാരണകളുടെ അടിസ്ഥാനത്തിൽ ആരെയും കുറ്റക്കാരനാണെന്നു വിധിക്കാൻ കഴിയില്ലെന്നു നിരീക്ഷിച്ചു. സ്പെഷൽ കോടതി ജഡ്ജി എ.കെ. ലഹോട്ടിയാണു വിധി പ്രസ്താവിച്ചത്. കേസന്വേഷണത്തിൽ എൻഐഎക്കു പാളിച്ചയുണ്ടായെന്നു ജസ്റ്റീസ് ലഹോട്ടി പറഞ്ഞു.
കോടതിവിധിയെ പ്രജ്ഞാ സിംഗ് ഠാക്കൂറും പ്രസാദ് പുരോഹിതും പ്രകീർത്തിച്ചു. കാവിയുടെ വിജയമാണിതെന്ന് പ്രജ്ഞാ സിംഗ് പറഞ്ഞു. ഹിന്ദു ഭീകരത എന്ന സിദ്ധാന്തം കോൺഗ്രസ് നിർമിച്ചതാണെന്നു ബിജെപി ആരോപിച്ചു.
മേജർ രമേഷ് ഉപാധ്യായ, അജയ് രഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരാണു കുറ്റവിമുക്തരായ മറ്റു പ്രതികൾ. ജാമ്യത്തിലായിരുന്ന പ്രതികളെല്ലാം ഇന്നലെ കോടതിയിലെത്തിയിരുന്നു.
മുംബൈയിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള മുസ്ലിം ഭൂരിപക്ഷ പട്ടണമായ മാലേഗാവിലെ ഒരു മോസ്കിനു സമീപം 2008 സെപ്റ്റംബർ 29നാണ് സ്ഫോടനമുണ്ടായത്. മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച സ് ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ആറു പേർ കൊല്ലപ്പെട്ടു. 101 പേർക്ക് പരിക്കേറ്റു. റംസാൻമാസത്തിലായിരുന്നു സ്ഫോടനം.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ടവർക്കു നീതി ലഭിച്ചില്ലെന്നു നിയമപോരാട്ടം നടത്തിയ ഫിറോസ് അഹമ്മദ് അസ്മി പറഞ്ഞു.
എടിഎസ് ആണ് ആദ്യം കേസ് അന്വേഷണം നടത്തിയത്. പ്രജ്ഞാ സിംഗ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, പ്രതികളെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി. 2011ൽ എൻഐഎ കേസ് ഏറ്റെടുത്തു. തുടക്കത്തിൽ പ്രജ്ഞാ സിംഗിന് എൻഐഎ ക്ലീൻ ചിറ്റ് നല്കിയിരുന്നു.
എന്നാൽ, പ്രജ്ഞാ സിംഗിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും വിചാരണ നേരിടണമെന്നും കോടതി നിർദേശിക്കുകയായിരുന്നു. 323 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ഇവരിൽ 37 പേർ കൂറുമാറി.
സ്ഫോടനം നടത്താനായി ഉപയോഗിച്ച മോട്ടോർസൈക്കിൾ പ്രജ്ഞാസിംഗിന്റെ പേരിലുള്ളതാണെന്നായിരുന്നു കണ്ടെത്തൽ. ഇതു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. അഭിനവ് ഭാരത് എന്ന തീവ്രഹിന്ദുത്വസംഘടനയ്ക്ക് സഹായങ്ങൾ നല്കിയെന്ന് ആരോപിച്ചാണ് ലഫ്. കേണൽ പുരോഹിതിനെ പോലീസ് അറസ്റ്റ് ചെയ്തത്.