17 വർഷം, അഞ്ച് ജഡ്ജിമാർ; മാലേഗാവിലെ മറിമായങ്ങൾ
Friday, August 1, 2025 1:49 AM IST
മുംബൈ: സാക്ഷികൾ, അന്വേഷണ ഏജൻസികൾ മുതൽ ജഡ്ജിമാർ വരെ മാറിമറിഞ്ഞ അസാധാരണ കേസുകളിലൊന്നായ മാലേഗാവ് സ്ഫോടനക്കേസിൽ വിധിയുണ്ടായിരിക്കുന്നത് നീണ്ട 17 വർഷത്തിനു ശേഷം. കേസിന്റെ വിചാരണയ്ക്കിടെ അഞ്ച് ജഡ്ജിമാരാണ് മാറിയത്. കേസിൽ വിചാരണ പൂർത്തിയാകുന്നതിനിടെയും ജഡ്ജിക്കു മാറ്റമുണ്ടായി.
സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് കേസ് ആദ്യം അന്വേഷിച്ചത്. തീവ്രഹിന്ദുത്വ സംഘടനയായ ‘അഭിനവ് ഭാരത്' ആണ് സ്ഫോടനത്തിനു പിന്നിലെന്നായിരുന്നു എടിഎസ് കണ്ടെത്തൽ. അന്വേഷണം പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. കേസിലെ പ്രധാനപ്രതിയായ മുൻ ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറിന് എൻഐഎ ക്ലീൻ ചിറ്റ് നൽകി.
എന്നാൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രജ്ഞാ സിംഗിനെ വിചാരണ ചെയ്തു. 2008 മുതൽ 2025 വരെ അഞ്ച് ജഡ്ജിമാരുടെ കൈകളിലൂടെയാണ് ഈ കേസ് കടന്നുപോയത്. ജഡ്ജിമാരുടെ മാറ്റമാണു കേസ് നീണ്ടുപോകാൻ കാരണമായതെന്ന് സ്ഫോടനത്തിന്റെ ഇരകളും പ്രതികളും കുറ്റപ്പെടുത്തിയിരുന്നു.
കേസ് ആദ്യം പരിഗണിച്ചത് സ്പെഷൽ ജഡ്ജ് ജസ്റ്റീസ് വൈ.ഡി. ഷിൻഡെയായിരുന്നു. കേസിൽ പ്രതികൾക്കെതിരേ മക്കോക്ക ചുമത്തിയത് ജസ്റ്റീസ് ഷിൻഡെ റദ്ദാക്കിയിരുന്നു. പ്രതികൾ സംഘടിത കുറ്റകൃത്യ ഗൂഢാലോചനയുടെ ഭാഗമല്ലെന്നു നിരീക്ഷിച്ചായിരുന്നു മക്കോക്ക ഒഴിവാക്കിയത്.
എന്നാൽ, സംസ്ഥാന സർക്കാർ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും പ്രതികൾക്കെതിരേ മക്കോക്ക പുനഃസ്ഥാപിക്കുകയും ചെയ്തു. ഷിൻഡെയെ സ്ഥലംമാറ്റിയതിനു പിന്നാലെ എസ്.ഡി. ടെകലെയാണ് ജഡ്ജായെത്തിയത്.
2015 മുതൽ 2018 വരെ സ്പെഷൽ ജഡ്ജ് ജസ്റ്റീസ് ടെകലെ കേസ് പരിഗണിച്ചു. പ്രഗ്യാ സിംഗ് ഠാക്കൂറിന് ക്ലീൻ ചിറ്റ് നൽകാനുള്ള എൻഐഎ നീക്കം പൊളിച്ചത് ജസ്റ്റീസ് ടെകാലെയായിരുന്നു. പ്രജ്ഞാ സിംഗിനെ വിചാരണ ചെയ്യാനുള്ള തെളിവുകളുണ്ടെന്ന് ടെകാലെ ചൂണ്ടിക്കാട്ടി.
ടെകാലെയ്ക്കു ശേഷം സ്പെഷൽ ജഡ്ജ് ജസ്റ്റീസ് വി.എസ്. പഡാൽക്കറാണ് കേസ് കേട്ടത്. പ്രജ്ഞാ സിഗിനും കേണൽ പ്രസാദ് പുരോഹിതിനും മറ്റ് അഞ്ച് പ്രതികൾക്കുമെതിരേ കുറ്റപത്രം സമർപ്പിക്കപ്പെട്ടത് ഈ കാലയളവിലായിരുന്നു.
ഒന്നാം സാക്ഷിയെ വിസ്തരിച്ച് ജസ്റ്റീസ് പഡാൽക്കർ കേസിൽ വിചാരണ ആരംഭിക്കുകയും ചെയ്തു. 2020ൽ പഡാൽക്കർ വിരമിച്ചതോടെ ജസ്റ്റീസ് പി.ആർ. സിത്രെയുടെ ബഞ്ചിലായി കേസ്.
കോവിഡ് മൂലം വിചാരണ നിർത്തിവയ്ക്കേണ്ടിവന്നിട്ടും ജസ്റ്റീസ് സിത്രെ 100 സാക്ഷികളെ വിസ്തരിച്ചു. 2022ൽ ജസ്റ്റീസ് സിത്രെയും സ്ഥലമാറ്റപ്പെട്ടു. ഇതോടെ സ്ഫോടന ഇരകൾ സിത്രെയുടെ സ്ഥലമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസിനു കത്തയച്ചു.
കേസിൽ വീണ്ടും കാലതാമസം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്തയച്ചത്. എന്നാൽ ജസ്റ്റീസ് സിത്രെയ്ക്കു പകരക്കാരനായി സ്പെഷൽ ജഡ്ജ് ജസ്റ്റീസ് എ.കെ. ലഹോട്ടി വന്നു. 2022 ജൂൺ മുതൽ ഈ വർഷം ഏപ്രിൽ വരെ ജസ്റ്റീസ് ലഹോട്ടി വിചാരണ തുടർന്നു. ഏപ്രിലിൽ ജസ്റ്റീസ് ലഹോട്ടിയെ നാസിക്കിലേക്കു സ്ഥലംമാറ്റി.
വിചാരണ അവസാന ഘട്ടത്തിലെത്തിയതിനാൽ ജഡ്ജിയുടെ സ്ഥലമാറ്റം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇരകൾ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് വീണ്ടും കത്തെഴുതി. ഇത്തവണ ഈ ആവശ്യം ചീഫ് ജസ്റ്റീസ് അനുവദിച്ചു. ജസ്റ്റീസ് ലഹോട്ടിയുടെ കാലാവധി ഈ വർഷം ഓഗസ്റ്റ് അവസാനം വരെ നീട്ടി. ഇതോടെ വിചാരണ പൂർത്തിയാക്കാൻ അദ്ദേഹത്തിനായി.
2008 സെപ്റ്റംബർ 29നാണ് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ പട്ടണമായ മാലേഗാവിൽ മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറു പേർ കൊല്ലപ്പെട്ടത്. സംഭവത്തിൽ 101 പേർക്കു പരിക്കേറ്റിരുന്നു. തുടർന്ന് മലേഗാവിലെ ആസാദ്നഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ഒക്ടോബർ 21ന് മഹാരാഷ്ട്ര ആന്റി -ടെററിസം സ്ക്വാഡ് (എടിഎസ്) ഏറ്റെടുക്കുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിനെയും മറ്റു മൂന്നു പേരെയും എടിഎസ് അറസ്റ്റ് ചെയ്തു. തീവ്ര ഹിന്ദുത്വവാദികളാണ് സ്ഫോടനം നടത്തിയതെന്നായിരുന്നു എടിഎസ് റിപ്പോർട്ട്.
മാലേഗാവ് വിധിയാഘോഷിച്ച് തീവ്രഹിന്ദു സംഘടന
പൂന: മലേഗാവ് സ്ഫോടനക്കേസിൽ പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത് പടക്കംപൊട്ടിച്ചാഘോഷിച്ച് തീവ്രഹിന്ദു സംഘടന. കേസിൽ പ്രതിയായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിതിന്റെ വീടിനു മുന്നിലാണ് പതിത് പവൻ എന്ന സംഘടന വിധിയാഘോഷിച്ചത്.
പൂനയിലെ ലോ കോളജ് റോഡിലുള്ള പുരോഹിതിന്റെ വീടിനുവെളിയിൽ സംഘടന വിധിയെ ശ്ലാഘിച്ച് ബാനർ ഉയർത്തുകയും പട്ടക്കംപൊട്ടിക്കുകയും ചെയ്തു. ആളുകൾക്ക് പ്രവർത്തകർ മധുരപലഹാരം വിതരണം ചെയ്തു.
കാവി ഭീകരതയെന്ന കോൺഗ്രസ് പ്രചാരണം ഇതോടെ ഇല്ലാതായെന്ന് പതിത് പവൻ സംഘടനാ പ്രവർത്തകൻ സ്വപ്നിൽ നായിക് പറഞ്ഞു. പുരോഹിത് പുനയിൽ തിരിച്ചെത്തിയാൽ ഗംഭീര സ്വീകരണം നൽകുമെന്നും നായിക് കൂട്ടിച്ചേർത്തു.
നീതി ലഭിച്ചില്ലെന്ന് ഇരകളുടെ ബന്ധുക്കൾ
മാലെഗാവ്: മാലെഗാവ് സ്ഫോടനത്തിലെ ഇരകൾക്കു നീതി ലഭിച്ചില്ലെന്നു ബന്ധുക്കൾ. പ്രത്യേക കോടതിവിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സ്ഫോടനത്തിൽ കൊല്ലപ്പെട്ട പത്തുവയസുകാരി ഫർഹീന്റെ പിതാവ് ലിയാഖത് ഷേഖ് പറഞ്ഞു.
2008ൽ കൊല്ലപ്പെട്ട ഏറ്റവും പ്രായകുറഞ്ഞയാളായിരുന്നു ഫർഹീൻ. വഡ-പാവ് വാങ്ങാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു ഫർഹീൻ കൊല്ലപ്പെട്ടത്.
മേൽക്കോടതിയെ സമീപിക്കുമെന്ന് കൊല്ലപ്പെട്ട സയ്യാദ് അസ്ഹറിന്റെ പിതാവ് നിസാർ അഹമ്മദ് പറഞ്ഞു.