പ്രതിപക്ഷ എംപിമാരെ തടയാൻ സിഐഎസ്എഫ്; രാജ്യസഭയിൽ പ്രതിഷേധം
Saturday, August 2, 2025 1:50 AM IST
ന്യൂഡൽഹി: നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്ന എംപിമാരെ തടയാൻ പാർലമെന്റിന്റെ സുരക്ഷാചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ഇന്നലെ രാജ്യസഭയിൽ നിയോഗിച്ചതു വിവാദമായി. പാർലമെന്റിൽ ഇതുവരെയും സ്വീകരിക്കാത്ത നടപടികളാണിതെന്നു ചൂണ്ടിക്കാട്ടി രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ ഉപാധ്യക്ഷൻ ഹരിവംശ് നാരായണ്‍ സിംഗിന് കത്തെഴുതി.
എംപിമാർ പല വിഷയങ്ങളിലും നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നത് പതിവുള്ളതാണ്. എന്നാൽ ആദ്യമായാണു നടുത്തളത്തിലേക്കിറങ്ങുന്ന എംപിമാരെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചത്. പ്രതിഷേധിക്കുന്ന എംപിമാർ ചെയർമാന്റെ ഡയസിലേക്കു കടക്കുന്നതു തടയാൻ സാധാരണ മാർഷൽമാരെയാണു നിയോഗിക്കുക. അതും രാജ്യസഭാധ്യക്ഷൻ ആവശ്യപ്പെട്ടാൽ മാത്രം.
രാവിലെ 11ന് രാജ്യസഭയിൽ നടപടികൾ ആരംഭിച്ചപ്പോൾ സഭാധ്യക്ഷൻ 30 അടിയന്തര പ്രമേയ നോട്ടീസുകൾ ലഭിച്ചതായും ഇതിൽ 21 എണ്ണം ബിഹാറിലെ വോട്ടർപട്ടിക വിവാദവുമായി ബന്ധപ്പെട്ടതുമാണെന്ന് അറിയിച്ചു തള്ളി. പ്രതിപക്ഷം പ്രതിഷേധിച്ചതോടെ 12 വരെ പിരിഞ്ഞു. പിന്നീട് ചേർന്നപ്പോഴാണ് അസാധാരണ സംഭവങ്ങൾക്കു സഭ സാക്ഷ്യം വഹിച്ചത്.
നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നവരെ തടയാൻ എംപിമാർ സാധാരണ ഇറങ്ങുന്ന വഴിക്കു കുറുകെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കൈകോർത്ത് വിലങ്ങനെ നിന്നു. ഇതോടെ നടുത്തളത്തിലേക്ക് ഇറങ്ങുന്നതിന് തടസം നേരിട്ടു. എന്നാൽ പ്രതിപക്ഷ എംപിമാരായ സാഗരിക ഘോഷ്, രേണുക ചൗധരി തുടങ്ങിയവർ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ മറികടന്ന് നടുത്തളത്തിലേക്കെത്തി. പിന്നാലെ തൃണമൂൽ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയൻ, ഡിഎംകെ സഭാ നേതാവ് തിരുച്ചി ശിവ, ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് എന്നിവരും സുരക്ഷാ ഉദ്യോഗസ്ഥരെ ഭേദിച്ച് നടുത്തളത്തിലേക്കെത്തി.
എംപിമാരെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ രാജ്യസഭാധ്യക്ഷന് എഴുതിയ കത്തിൽ വ്യക്തമാക്കി. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കുന്പോൾ നടുത്തളത്തിലേക്ക് ഇറങ്ങുന്ന എംപിമാരെ തടയുന്ന നടപടി ഇനി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
പ്രതിഷേധിക്കുന്നതിനുള്ള മൗലികാവകാശമാണു സഭാംഗങ്ങൾ സ്വീകരിക്കുന്നത്. എന്നാൽ, തടുക്കാനുള്ള ശ്രമം ഏറെ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ രണ്ടുദിവസമായി ഇതു തുടരുന്നതായും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി. പ്രതിപക്ഷാംഗങ്ങൾ ട്രഷറി ബെഞ്ചിന്റെ ഇരിപ്പിടത്തിനു മുന്നിലും നടുത്തളത്തിലും നിലയുറപ്പിക്കുന്നതു തടയാനാണ് ഇത്തരം സുരക്ഷാനടപടികൾ സ്വീകരിക്കുന്നതെന്ന് പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു വിശദീകരിച്ചു.
എംപിമാർതന്നെ ആവശ്യപ്പെട്ടിട്ടാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയും ബിഹാർ വോട്ടർപട്ടിക വിവാദത്തിൽ ഇന്നലെ നടപടികൾ പൂർത്തിയാക്കാതെ പിരിഞ്ഞു.