സർക്കാർ എയർ ഇന്ത്യ തിരിച്ചുപിടിക്കണമെന്ന് മനീഷ് തിവാരി
Saturday, August 2, 2025 1:50 AM IST
ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പിന്റെ പക്കൽനിന്ന് എയർ ഇന്ത്യ സർക്കാർ തിരിച്ചുപിടിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. ടാറ്റാ ഗ്രൂപ്പ് വിമാന സർവീസിനെ നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം ഒരു ദുരന്തമായി മാറിക്കഴിഞ്ഞു. തേയില വളർത്തുകയും കാറുകളും ഉരുക്കും നിർമിക്കുകയും ചെയ്യുന്നവരാണ് എയർ ഇന്ത്യ നടത്തിക്കൊണ്ടുപോകുന്നതെന്ന് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം പരിഹസിച്ചു.
ഏവിയേഷൻ വിദഗ്ധർ ആരുംതന്നെ എയർ ഇന്ത്യയുടെ നടത്തിപ്പിൽ പങ്കാളികളല്ല. അവസാന നിമിഷം സർവീസുകൾ റദ്ദാക്കുകയാണെന്നും ചിലത് വൈകിയോടുന്നതിന് കാരണങ്ങൾ വ്യക്തമാക്കാറില്ലെന്നും മനീഷ് തിവാരി ആരോപിച്ചു. ടാറ്റാ ഗ്രൂപ്പോ എയർ ഇന്ത്യയോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.