എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം ; തിരിച്ചടിയായി ഉത്തരവ്
Saturday, August 2, 2025 2:47 AM IST
തിരുവനന്തപുരം: വർഷങ്ങളായി നിയമനാംഗീകാരം പ്രതീക്ഷിച്ചു നില്ക്കുന്ന ആയിരക്കണക്കിന് എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് പ്രതികൂലമായി സർക്കാർ ഉത്തരവ്.
ഭിന്നശേഷി നിയമനം സംബന്ധിച്ച് എൻഎസ്എസ് മാനേജ്മെന്റ സുപ്രീം കോടതിയിൽ നല്കിയ കേസിലെ വിധിന്യായം മറ്റു സമാന സൊസൈറ്റികൾക്കും വിഭാഗങ്ങൾക്കും അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം സംസ്ഥാന സർക്കാർ തള്ളി. ഇതോടെ ആയിരക്കണക്കിന് അധ്യാപകരാണ് നിയമന അംഗീകാരത്തിനായി ഇനിയും കാത്തിരിപ്പു തുടരേണ്ടത്.
എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളിലെ ജീവനക്കാരുടെ നിയമനം അംഗീകരിക്കുന്നതിനു സുപ്രീം കോടതി വിധിയും ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവും മറ്റു സൊസൈറ്റികളുടെയും വിഭാഗങ്ങളുടെയും കീഴിലുള്ള സ്ഥാപനങ്ങൾക്കു ബാധകമാക്കണമെന്നാവശ്യപ്പെട്ട് കണ്സോർഷ്യം ഓഫ് കാത്തലിക് മാനേജ്മെന്റ് സർക്കാരിന് കത്ത് നല്കിയിരുന്നു.
2025 ഏപ്രിൽ ഏഴിന് ഹൈക്കോടതിയും ഇത്തരത്തിൽ ഒരു നിരീക്ഷണം നടത്തുകയും സർക്കാർ ഇക്കാര്യത്തിൽ അനുഭാവപൂർവമായ നടപടി സ്വീകരിക്കണമെന്ന നിർദേശവും നല്കിയിരുന്നു.
എന്നാൽ ഹൈക്കോടതി ഉത്തരവു വന്നു മൂന്നുമാസത്തിനു ശേഷം ജൂലൈ 30ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയഉത്തരവിൽ പറയുന്നത് സുപ്രീംകോടതി ഉത്തരവ് എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്ഥാപനങ്ങൾക്കു മാത്രമാണെന്നും മറ്റു സ്ഥാപനങ്ങളിൽ ഇത് നടപ്പാക്കണമെങ്കിൽ പ്രത്യേക കോടതി ഉത്തരവ് വേണമെന്നുമാണ് സർക്കാർ വാദം.
എൻഎസ്എസ് കേസിൽ സുപ്രീംകോടതി നടത്തിയ വിധി ന്യായത്തിൽ തന്നെ സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും വിഭാഗങ്ങൾക്കും ഈ വിധി ന്യായം നടപ്പാക്കാമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. 2018 മുതലുള്ള എയ്ഡഡ് സ്കൂൾ അധ്യാപക നിയമനമാണ് ഭിന്നശേഷി നിയമനക്കുരുക്കിലും പ്രതിസന്ധിയിലുമുള്ളത്.
ഭിന്നശേഷിക്കാർക്കായിട്ടുളള നിശ്ചിത ശതമാനം സീറ്റുകൾ മാനേജ്മെന്റുകൾ മാറ്റിവച്ച കണക്ക് കൈമാറിയാൽ ബാക്കി അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നല്കുന്നതിനു തടസമില്ലെന്നതാണ് സുപ്രീം കോടതി എൻഎസ്എസ് കേസിൽ വിധി പറഞ്ഞത്.
അതനുസരിച്ച് സർക്കാരിന് നടപടി കൈക്കൊള്ളാമെന്നിരിക്കെയാണ് നിയമനാംഗീകാരം പ്രതീക്ഷിച്ചു വർഷങ്ങളായി കാത്തുനില്ക്കുന്ന അധ്യാപകരെയും വിവിധ മാനേജ്മെന്റുകളെയും ഒരേപോലെ പ്രതിസന്ധിയിലാക്കിക്കൊണ്ട് വീണ്ടും കോടതി കയറിക്കോളൂ എന്ന സർക്കാർ നിലപാട്.