ബിജെപിയുടേത് രാഷ്ട്രീയനാടകം: കെ.സി. വേണുഗോപാല്‍
Saturday, August 2, 2025 1:49 AM IST
ഉദയഗിരി (കണ്ണൂർ): ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും ക്രൈസ്തവ ഭവനങ്ങളില്‍ വിതരണം ചെയ്ത ക്രിസ്മസ് കേക്കിനോടു നീതിപുലര്‍ത്തിയിരുന്നെങ്കില്‍ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത അന്നുതന്നെ അവരുടെ മോചനത്തിന് കേരളത്തിലെ ബിജെപി നേതാക്കള്‍ ഇടപെടുമായിരുന്നുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ഛത്തീസ്ഗഡിൽ ജയിലിലടച്ച സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ ഉദയഗിരിയിലെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെയും ആര്‍എസ്എസിന്റെയും ഡിഎന്‍എ അടിസ്ഥാനപരമായി ന്യൂനപക്ഷങ്ങള്‍ക്കെതിരാണ്.
അറസ്റ്റ് ചെയ്ത ആദ്യദിവസംതന്നെ കന്യാസ്ത്രീകള്‍ക്കു ന്യായമായ ജാമ്യത്തിന് അര്‍ഹതയുണ്ടായിരുന്നു. അത് നിഷേധിച്ചത് ബിജെപി ഭരണകൂടമാണ്. കേന്ദ്രസര്‍ക്കാരിന് ആത്മാർഥതയുണ്ടായിരുന്നെങ്കില് കേസിൽനിന്ന് മനുഷ്യക്കടത്ത്, മതപരിവര്‍ത്തനം പോലുള്ള വകുപ്പുകള്‍ ഒഴിവാക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാരിനോട് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
അവരെ മോചിപ്പിക്കാന്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, കേസ് എന്‍ഐഎ കോടതിക്കു വിടണമെന്ന് പറഞ്ഞ് ജാമ്യം വൈകിക്കുകയും ചെയ്തു. ജയിലില്‍ കിടക്കുന്ന കന്യാസ്ത്രീകള്‍ക്കു സ്വാഭാവികമായ ജാമ്യത്തിനു സാഹചര്യം ഒരുങ്ങിയപ്പോള്‍ ബിജെപി അവകാശവാദം ഉന്നയിക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.