ഗവർണർക്കെതിരേ നിയമ നടപടിയുമായി മുന്നോട്ടു പോകണം: എം.വി. ഗോവിന്ദൻ
Saturday, August 2, 2025 1:50 AM IST
തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടു ഗവർണർ സ്വീകരിച്ച നടപടിക്കെതിരേ നിയമ നടപടിയുമായി സർക്കാർ മുന്നോട്ടു പോകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഗവർണർ പ്രശ്നം സങ്കീർണമാക്കുകയാണ്. സർക്കാർ നൽകുന്ന പാനലിൽനിന്നു വിസി നിയമനം നടത്തണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. വിധി മറികടന്നാണ് ഗവർണർ വിസി നിയമനം നടത്തിയത്. കോടതിയും ഭരണഘടനയും തങ്ങൾക്കു ബാധകമല്ലെന്ന സംഘപരിവാർ നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്.
ഗവർണറെ ഉപയോഗിച്ചുള്ള കാവി വത്കരണം നടക്കുന്ന വേളയിലാണ് കോടതിയുടെ ഇടപെടലുണ്ടായത്. സംസ്ഥാന സർക്കാർ നിലപാട് സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ടു ഗവർണർ നടത്തുന്ന ചർച്ചയിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് അതു സർക്കാർ തലത്തിലെ ചർച്ചയാണല്ലോയെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.