കലാഭവന്‍ നവാസ് അന്തരിച്ചു
Saturday, August 2, 2025 2:46 AM IST
കൊച്ചി: സിനിമ-മിമിക്രി താരം കലാഭവന്‍ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ഇന്നലെ രാത്രി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിലെത്തിയത്. ഹോട്ടല്‍ ജീവനക്കാര്‍ വാതില്‍ തുറന്ന് അകത്തു കയറിപ്പോള്‍ നിലത്തു കിടക്കുന്ന നിലയിലായിരുന്നു നവാസ്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
അഭിനയിച്ചുകൊണ്ടിരുന്ന ‘പ്രകമ്പനം’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്യാനായാണു നവാസ് എത്തിയതെന്നാണു വിവരം. ഏറെ നേരമായിട്ടും ആളെ കാണാത്തതിനാല്‍ റൂം ബോയ് അന്വേഷിച്ചുചെന്നപ്പോഴാണു നവാസിനെ മരിച്ചനിലയില്‍ കണ്ടത്.
ഇടവേളയ്ക്കുശേഷം സിനിമയില്‍ സജീവമായി വരികയായിരുന്നു നവാസ്. ചലച്ചിത്ര നടൻ അന്തരിച്ച അബൂബക്കറിന്റെ മകനാണു നവാസ്. നടി രഹനയാണു ഭാര്യ. മക്കൾ: നഹറിൻ, റിദ്വാൻ, റിഹാൻ.
മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പോലീസ് ഹോട്ടലിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. വിവരമറിഞ്ഞ് സിനിമാ മേഖലയിലുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.
മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. കലാഭവന്‍ മിമിക്രി ട്രൂപ്പില്‍ അംഗമായിരുന്ന നവാസ്, സഹോദരന് നിയാസ് ബക്കറിനൊപ്പവും നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്.
50 ഓളം സിനിമകളില്‍ വേഷമിട്ടിട്ടുള്ള നവാസ് 1995ല്‍ ‘ചൈതന്യം’എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’ആണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.