പരോൾ വ്യവസ്ഥ ലംഘിച്ചു ; കൊടി സുനി അറസ്റ്റിൽ
Saturday, August 2, 2025 1:50 AM IST
കണ്ണൂർ: പരോൾ വ്യവസ്ഥ ലംഘിച്ചതിന് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അറസ്റ്റിൽ. ഇന്നലെ പുലർച്ചെ മീനങ്ങാടി സ്റ്റേഷൻ പരിധിയിൽവച്ചാണ് അറസ്റ്റിലായത്. പ്രത്യേക സുരക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊടി സുനിയെ എത്തിച്ചു.
പരോൾ കാലയളവിൽ വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനും കോടതി നിർദേശിച്ച സ്ഥലത്ത് താമസിക്കാത്തതിനുമാണ് അറസ്റ്റ്. ഇയാൾ സംസ്ഥാനം വിട്ട് സഞ്ചരിച്ചതായും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നല്കിയിരുന്നു.
ജൂലൈ 21 നാണു കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. നേരത്തെ, കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിനിടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പോലീസിന്റെ സാന്നിധ്യത്തിൽ ഹോട്ടലിൽ മദ്യപിച്ച സംഭവത്തിൽ കണ്ണൂർ ജില്ലാ പോലീസ് ആസ്ഥാനത്തെ മൂന്നു പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
എആർ ക്യാന്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിഷ്ണു, ജിഷ്ണു എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. പ്രതികളെ ജൂൺ 17നു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു തലശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണു സംഭവം. മാഹി ഇരട്ടകൊലപാതകക്കേസിന്റെ വിചാരണയ്ക്കായാണു പ്രതികളെ കൊണ്ടുവന്നത്.
ഉച്ചഭക്ഷണം കഴിക്കാൻ പ്രതികളുമായി കോടതിക്കു സമീപത്തെ കടൽത്തീരത്തെ ഹോട്ടലിലാണു കയറിയത്. പ്രതികളുടെ സുഹൃത്തുക്കൾ ഇവിടെയെത്തുകയും പോലീസിന്റെ സാന്നിധ്യത്തിൽ മദ്യപിക്കുകയും ചെയ്തെന്നാണു പരാതി.
സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിക്കുകയും പോലീസിനു വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളടക്കം പുറത്തുവരികയും പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം പരിശോധിച്ച് വകുപ്പുതല നടപടി ഉണ്ടാകുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.