ഇല്ലാത്ത കേസെടുത്തത് അരമനകളിലേക്കു കേക്കുമായി പോകുന്നവരുടെ സർക്കാരെന്ന് സതീശൻ
Saturday, August 2, 2025 1:49 AM IST
തിരുവനന്തപുരം: കേരളത്തിലെ അരമനകളിലേക്കു കേക്കുമായി പോകുന്നവരുടെ സർക്കാരാണ് കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത കേസെടുത്തതും എൻഐഎയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടതുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേക്കുമായി പോയവർ ഇപ്പോൾ കൈ മലർത്തി കാട്ടുന്നു. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ പറ്റി പണ്ട് ഞങ്ങൾ പറഞ്ഞത് ഒന്നുകൂടി ഓർമപ്പെടുത്തിയെന്നേയുള്ളൂവെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ജയിലിലായ കന്യാസ്ത്രീകളെ പുറത്തിറക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്. അല്ലാതെ അതിൽ എന്ത് രാഷ്ട്രീയമാണുള്ളത്? യുഡിഎഫ് എംപിമാരുടെ രണ്ടാമത്തെ സംഘവും ഛത്തീസ്ഗഡിൽ എത്തി. നിയമസഹായം ഉൾപ്പെടെ നൽകും. മുൻ അഡ്വക്കേറ്റ് ജനറലാണ് കന്യാസ്ത്രീകൾക്കു വേണ്ടി ഹാജരാകുന്നത്.
ഛത്തീസ്ഗഡിലെ മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ഉൾപ്പെടെ എല്ലാവരും ഒപ്പമുണ്ടായിരുന്നു. ഭൂപേഷ് ബാഗേലുമായി താൻ ഫോണിൽ സംസാരിച്ചു. നിയമപരമായ സഹായം കിട്ടുന്നതിനായി അവരെല്ലാം ഒപ്പമുണ്ട്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാർ സമരം നടത്തുന്നത്.
രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരേ ആക്രമണം നടക്കുന്നു. നിരവധി വൈദികരാണ് ജയിലിലായത്. ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചതിന്റെ പേരിലാണ് ഫാ.സ്റ്റാൻസാമിയെ ജയിലിൽ ചങ്ങലയ്ക്കിട്ട് കൊലപ്പെടുത്തിയത്. സഭാ വസ്ത്രങ്ങൾ അണിഞ്ഞ് കന്യാസ്ത്രീകൾക്കോ വൈദികർക്കോ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ് രാജ്യത്തെന്നും അദ്ദേഹം പറഞ്ഞു.