മൂന്നു സ്ത്രീകളെ കാണാതായ സംഭവം: അന്വേഷണം സെബാസ്റ്റ്യനിലേക്ക്
Saturday, August 2, 2025 1:49 AM IST
ചേർത്തല: പള്ളിപ്പുറത്ത് വീട്ടുവളപ്പിൽ നിന്നും അസ്ഥിക്കഷണങ്ങൾ ലഭിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത പള്ളിപ്പുറം ചെങ്ങത്തറവീട്ടില് സെബാസ്റ്റ്യനെ (65) ഇന്ന് വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നേക്കും.
രണ്ട് സ്ത്രീകളുടെ തിരോധാനവുമായുള്ള അന്വേഷണം നടക്കുന്നതിനിടെ വാരനാട് വെളിയിൽ സ്വദേശിനി ഹൈറുമ്മ എന്നു വിളിക്കുന്ന ഐഷയുടെ തിരോധാനവും സെബാസ്റ്റ്യനിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അസ്ഥികൾ കണ്ടെത്തിയ ദിവസം ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തിയപ്പോൾ രക്തകറ കണ്ടെത്തിയിരുന്നു. അസ്ഥികൾ വീട്ടുവളപ്പിലുണ്ടെന്ന് ആരുടെയോ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും സെബാസ്റ്റ്യനല്ലാതെ മൊഴികൊടുത്തതാരെന്നും ക്രൈംബാഞ്ച് വെളിപ്പെടുത്തിയിട്ടില്ല.
കത്തിച്ച നിലയിൽ കണ്ടെത്തിയ അസ്ഥികൾ ചെറിയ കുഴിയിലേക്ക് മാറ്റാനും മറ്റുള്ളവരുടെ സഹായം സെബാസ്റ്റ്യൻ തേടിയിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്. വീട്ടിനുള്ളിലെ തറ പൊളിച്ച് പരിശോധിക്കാനും ക്രൈംബ്രാഞ്ച് പദ്ധതി ഇട്ടിട്ടുണ്ട്. ഇതിനായി ആധുനിക സ്കാനർ സംവിധാനം എത്തിച്ച് പരിശോധ നടത്തുമെന്നും സൂചനയുണ്ട്.