കന്യാസ്ത്രീമാരെ എത്രയും വേഗം പുറത്തിറക്കണം: മാർ താഴത്ത്
Saturday, August 2, 2025 1:50 AM IST
തൃശൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച സംഭവത്തിൽ സിബിസിഐ അധ്യക്ഷനും തൃശൂർ അതിരൂപത ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചർച്ചനടത്തി.
രാവിലെ ഒന്പതരയോടെ ബിഷപ്സ് ഹൗസിലെത്തിയ രാജീവ് ചന്ദ്രശേഖറുമായി മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ അരമണിക്കൂറോളം ചർച്ചനടത്തി.
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങളും രാജീവ് പങ്കുവച്ചെന്നാണു വിവരം. തുടർന്ന് ഇരുവരും സംയുക്തമായി മാധ്യമങ്ങളോടും സ്ഥിതിഗതികൾ വിശദീകരിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ അതിയായ അമർഷവും വേദനയുമുണ്ടെന്ന് മാർ ആൻഡ്രൂസ് താഴത്ത്. എത്രയും വേഗം അവരെ മോചിപ്പിക്കുകയെന്നതാണ് ആവശ്യം. എല്ലാ രാഷ്ട്രീയപ്പാർട്ടികളുമായും ഇക്കാര്യം ചർച്ചചെയ്തു.
രാജീവ് ചന്ദ്രശേഖർ അടിയന്തരമായി പ്രതികരിച്ചതിൽ സന്തോഷമുണ്ട്. ന്യൂനപക്ഷങ്ങൾക്കു നീതിയും സുരക്ഷിതത്വവും കിട്ടണം. ഇന്ത്യൻ പൗരൻമാരെന്ന നിലയിൽ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടാകണം.
ക്രിസ്ത്യാനികൾക്കെതിരേ ഇന്ത്യയിൽ മറ്റൊരുകാലത്തും ഉണ്ടാകാത്ത വിധത്തിൽ ആക്രമണങ്ങൾ വർധിച്ചു. ഓരോ സംസ്ഥാനത്തും ഓരോതരത്തിലുള്ള വിവേചനങ്ങളാണ് അനുഭവിക്കുന്നത്.
ഇക്കാര്യം ബിജെപി സംസ്ഥാന പ്രസിഡന്റിനോടും പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞ കാര്യങ്ങൾ വിവരിക്കാനാണ് രാജീവ് എത്തിയത്. ഞങ്ങൾ ആദ്യം ഇക്കാര്യം ചർച്ചചെയ്യേണ്ടത് ഭരിക്കുന്നവരോടാണ്.
കന്യാസ്ത്രീകളുടെ വിഷയത്തിൽ ഡൽഹിയിലെ സിബിസിഐ ഓഫീസ് മുഖാന്തരം എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. സെക്രട്ടറി ജനറലും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമാണ് ഏകോപിക്കുന്നത്.
ഞങ്ങൾക്കു രാഷ്ട്രീയമില്ല. ഓരോ രാജ്യത്തെയും നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നുതന്നെയാണു ഞങ്ങളും പറയുന്നത്. കന്യാസ്ത്രീകൾക്കു കുട്ടികളുമായി ബന്ധമില്ല. അവർ പ്രായപൂർത്തിയായവരും ക്രൈസ്തവരുമാണെന്നും നിയമപരമായ സഹായം നൽകുന്നതിൽ രാജീവ് ഉറപ്പുനൽകിയിട്ടുണ്ടെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
ജാമ്യത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി ഉറപ്പുനൽകി: രാജീവ് ചന്ദ്രശേഖർ
കന്യാസ്ത്രീകൾ അറസ്റ്റിലായതുമുതൽ പ്രശ്നത്തിന്റെ പിന്നാലെയാണെന്നും പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കന്യാസ്ത്രീകൾ അറസ്റ്റിലായപ്പോൾതന്നെ മാർ ആൻഡ്രൂസ് താഴത്ത് വിളിച്ചിരുന്നു.
ഛത്തീസ്ഗഡ് സർക്കാർ കോടതിയിൽ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കോടതിനടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ എപ്പോൾ ജാമ്യം കിട്ടുമെന്നു ചോദിക്കരുത്. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. ജാമ്യം കിട്ടുമെന്ന കാര്യത്തിൽ അദ്ദേഹം ഉറപ്പുനൽകി.
പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കരുത്. ബിജെപി ഇതിനെ രാഷ്ട്രീയമായി കാണുന്നില്ല. മതം നോക്കിയല്ല ആളുകളെ സഹായിക്കുന്നത്. അതു ഞങ്ങളുടെ ഡിഎൻഎയിലുണ്ട്.
കന്യാസ്ത്രീകളുടെ വിഷയത്തിൽ പലരും ജയിലിനു മുന്നിൽ പോയി രാഷ്ട്രീയനാടകം കളിക്കുകയാണ്. സഭ ആവശ്യപ്പെട്ട കാര്യങ്ങൾ അടിയന്തരമായി ചെയ്തുകൊടുക്കുകയാണു ഞങ്ങളുടെ മുന്നിലുള്ളത്.
കന്യാസ്ത്രീകൾ കുട്ടികളെ എന്തിന്, എങ്ങോട്ടു കൊണ്ടുപോയി എന്നത് അന്വേഷിക്കലല്ല ഞങ്ങളുടെ പണി. അത്തരം അന്വേഷണങ്ങൾ മാധ്യമങ്ങൾ നടത്തട്ടെ. അനൂപ് ആന്റണിയും ഷോണ് ജോർജും കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഡൽഹിക്കു പോയിട്ടുണ്ട്.
ജാർഖണ്ഡും ഛത്തീസ്ഗഡും പ്രശ്നബാധിതസംസ്ഥാനങ്ങളാണ്. മതനിരോധനനിയമം ഛത്തീസ്ഗഡിൽ പാസാക്കിയതു ബിജെപിയല്ല. എല്ലാവരും നിയമപരമായ നടപടിക്രമങ്ങളിൽ വിശ്വസിക്കണം.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ അപ്പീലിന്റെ വിചാരണ ഇതുവരെ നടന്നിട്ടില്ല. പ്രൈവറ്റ് പ്ലേസ്മെന്റ് ഏജൻസി റെഗുലേഷൻ നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിച്ചില്ലെന്നാണു പോലീസ് പറയുന്നത്.
അവിടെയുള്ള കുട്ടികൾ ഒരു ജില്ലയിൽനിന്നു മറ്റു ജില്ലയിൽ പോകാൻപോലും പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇക്കാര്യങ്ങളിലുണ്ടായ പിഴവാണ് പ്രശ്നമായതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.