ഫോറസ്റ്റ് സ്പെഷല്‍ റൂള്‍ മറികടന്ന് സ്ഥാനക്കയറ്റം; പരീക്ഷ ജയിക്കാത്ത 1476 ജീവനക്കാര്‍ക്ക് സര്‍ക്കാർ സംരക്ഷണം
Saturday, August 2, 2025 1:50 AM IST
ജോണ്സണ് വേങ്ങത്തടം
കൊല്ലം: ഫോറസ്റ്റ് സ്പെഷല്‍ റൂള്‍ മറികടന്ന് സ്ഥാനക്കയറ്റം ലഭിച്ച 1476 ജീവനക്കാര്‍ക്കു സംരക്ഷണം നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ബന്ധിത വകുപ്പുതല പരീക്ഷകള്‍ ജയിക്കാത്ത 1476 വനംവകുപ്പ് ജീവനക്കാര്‍ക്കു സംരക്ഷണം ഒരുക്കിയാണ് ഉത്തരവിറക്കിരിക്കുന്നത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍നിന്നു സെക്ഷന്‍ ഫോറസ്റ്റർ ആവുന്നവര്‍ മൂന്നു വകുപ്പുതല പരീക്ഷകളും പരിശീലനവും പൂര്‍ത്തിയാക്കിയിരിക്കണമെന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുണ്ടായിരുന്നു. ഇതു ഹൈക്കോടതിയും അംഗീകരിച്ചു. എന്നിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വനം ഭരണവിഭാഗം മേധാവിക്കു കോടതിയലക്ഷ്യ നോട്ടീസ് നല്കിയതു കഴിഞ്ഞ 29നാണ്. ഇതിനു തൊട്ടു പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ്.
സ്പെഷല്‍ റൂള്‍ നടപ്പാക്കിയ 2010 മുതല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവു വരുന്ന 2023 വരെ 1476 പേര് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായി പ്രമോഷന് നേടിയിട്ടുണ്ടെന്നും ഇതില്‍ 72 പേര് മാത്രമാണ് പരീക്ഷാ പാസായിട്ടുള്ളതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഇതില്‍ തന്നെ പലരും ഡെപ്യൂട്ടി റേഞ്ചറും റേഞ്ചറുമായി ഗസറ്റഡ് തസ്തികയില്‍ വരെ എത്തിയിട്ടുണ്ട്. പരീക്ഷകള്‍ ജയിക്കാതെ പ്രൊമോഷൻ ലഭിച്ചത് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയല്ലെന്നു വിലയിരുത്തിയാണ് സര്‍ക്കാരില്‍ നിക്ഷിപ്തമായ പ്രത്യേക അധികാരം ഉപയോഗിച്ചു പരീക്ഷകള്‍ പാസാവണമെന്ന വ്യവസ്ഥ ഇളവു ചെയ്തിരിക്കുന്നത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ നിന്നും സെഷന് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കു സ്ഥാനക്കയറ്റം അനുവദിച്ചുകൊണ്ട് 2022 ഓഗസ്റ്റ് അഞ്ചിനു സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പുറപ്പെടുവിച്ച നടപടിക്രമത്തിനെതിരേ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.